ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എന്‍എസ്ജി) അവിടെ സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസം ഈദ് പ്രര്‍ത്ഥനക്കിടയില്‍ നടന്ന ഭീകരാക്രമണത്തിലും അഞ്ചുപേര്‍ മരിച്ചിരുന്നു.
കിഷോര്‍ ഗഞ്ച് ടൗണില്‍ നടന്ന ഈദ് പ്രാര്‍ത്ഥനക്കിടയിലാണ് പ്രവേശനകവാടത്തിലേക്ക് ഭീകരന്‍ ബോംബ് വലിച്ചെറിഞ്ഞത്. ജൂലൈ ഒന്നിന് നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു.
എന്‍എസ്ജിയുടെ പ്രത്യേകസംഘമാണ് കാര്യങ്ങള്‍ മനസ്സിലാക്കുവാനായി അയല്‍രാജ്യമായ ബംഗ്ലാദേശിലേയ്‌ക്ക് പോകുന്നത്. ഇത്‌സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്‍എസ്ജിയ്‌ക്ക് അനുമതി നല്‍കി. ബംഗ്ലാദേശിലെ വിവിധ സുരക്ഷാ ഏജന്‍സികളുമായും ഇവര്‍ ചര്‍ച്ച നടത്തും. ഭീകരര്‍ക്കെതിരെയുള്ള നടപടികളിലുള്ള സഹകരണവും ചര്‍ച്ചയാവും.
രണ്ടുഭീകരാക്രമണങ്ങളെക്കുറിച്ചും വിലയിരുത്തും. എന്‍എസ്ജി നേരത്തെ വിവിധ സൗഹൃദരാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംഘം പുറപ്പെടും. ഭീകരപ്രവര്‍ത്തനം നേരിടാന്‍ 1984ലാണ് ഭാരതം എന്‍എസ്ജിക്കു രൂപം നല്‍കിയത്.
















