മാവേലിക്കര: സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിക്കുകയും ഡിവൈഎഫ്‌ഐ, സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎമ്മുകാരന്‍ പിടിയില്‍. ആക്കനാട്ടുകര താഴ്ചയില്‍ കിഴക്കേതില്‍ സുജു(40) ആണ് പിടിയിലായത്.
വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ സുജു നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ മദ്യം നല്‍കിയ ശേഷം മറ്റു രണ്ടുപേരെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവരും പിടിയിലായതായി സൂചനയുണ്ട്.
വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കല്ലുമല അക്കാനാട്ടുകര തുണ്ടിയില്‍ ബിജുവിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തിച്ചത്. ഇതിനു സമീപമുള്ള രണ്ടു കൊടിമരങ്ങളും അക്രമി സംഘം നശിപ്പിച്ചു.
ആര്‍എസ്എസ്സുകാരാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് സിപിഎമ്മുകാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘ പ്രവര്‍ത്തകരെ പ്രതിയാക്കണമെന്ന് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
സംഭവം നടന്നപ്പോള്‍ തന്നെ ഇതിനു പിന്നില്‍ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം-ഡിവൈഎഫ്‌ഐ സംഘത്തിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്താല്‍ നേരത്തെ പ്രദേശത്ത് നടന്ന പല അക്രമ പ്രവര്‍ത്തനങ്ങളുടെയും യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
















