അമ്പലപ്പുഴ: എക്‌സ്‌റേ ജീവനക്കാര്‍ കൃത്യം നിര്‍വഹിയ്‌ക്കുന്നില്ല. ആശുപത്രിയില്‍ സംഘര്‍ഷം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശൂപത്രി എക്‌സ്‌റേ വിഭാഗം കൗണ്ടറിലെ ജീവനക്കാരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് രോഗികള്‍ ബുദ്ധിമുട്ടി. ഇവിടെ കൗണ്ടറില്‍ ചീട്ട് പതിക്കണ്ട ജീവനക്കാരനാണ് സ്വകാര്യ ആവശ്യത്തിനായി മുങ്ങിയത്.
വാഹന അപകടത്തില്‍പെട്ടവര്‍ ഉള്‍പ്പെടെ അനേകം പേരാണ്, വീല്‍ ചെയറിലും ട്രോളിയിലുമിരുന്ന് ബുദ്ധിമുട്ടിയത്. 24 മണിക്കൂറും പ്രവര്‍ത്തിയ്‌ക്കുന്ന വിഭാഗത്തിലാണ് എക്‌സ്‌റേ.
രാവിലെ 10 മണിയോടെ മുങ്ങിയ ജീവനക്കാരന്‍ ഉച്ചക്ക് 11.30 ഓടെയാണ് തിരിച്ചു കൗണ്ടറില്‍ എത്തിയത്. ഇതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്നു എയ്ഡ് പോസ്റ്റ് പോലീസും സെക്യൂരിറ്റി ജീവനക്കാരുമെത്തിയതിനെത്തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
ഈ ജീവനക്കാരന്‍ പലപ്പോഴും ഹാജര്‍വച്ച് മടങ്ങുകയാണെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. എക്‌സ്‌റേ വിഭാഗത്തില്‍ നിന്നും ഈ ജീവനക്കാരനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
















