കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.എല്‍.സരിത അറിയിച്ചു. ഇതില്‍ 7 കേസുകള്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ്. രണ്ട് പേര്‍ മരണപ്പെട്ടു. രോഗികളില്‍ 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ഡി.എം.ഒ അറിയിച്ചു. 26-ാം വാര്‍ഡ് പനിവാര്‍ഡാക്കാന്‍ തീരുമാനിച്ചു.
രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊളളാന്‍ യോഗം തീരുമാനിച്ചു. ഇതുപ്രകാരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും ഡിഫ്ത്തീരിയ വരാതിരിക്കാന്‍ ടി.ഡി വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. രോഗികളോട് അടുത്ത് ഇടപഴകുന്നവര്‍ക്കും പ്രതിരോധ കുത്തിവെയ്‌പ്പ് നല്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഐ.എം.എ, ഐ.എ.പി, പ്രൈവറ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സ്‌കൂള്‍ തലത്തിലും മറ്റും ബോധവത്കരണം ശക്തിപ്പെടുത്തുകയും കുത്തിവെയ്‌പ്പ് എടുക്കാത്ത കുട്ടികള്‍ക്കു പ്രതിരോധ വാക്‌സിന്‍ നല്കുകയും
ചെയ്യും.
















