കോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് കോഴിക്കോട്ട് ഒരുക്കങ്ങള്‍ തുടങ്ങി. സംഘടനാപരമായും വൈചാരികവുമായ വന്‍ മുന്നേറ്റത്തിന് കേരളത്തെയും സജ്ജമാക്കുക എന്ന ചരിത്ര ദൗത്യത്തിന് കരുത്തുപകരുന്ന തരത്തില്‍ ദേശീയ നിര്‍വ്വാഹക സമിതി യോ ഗത്തെ അവസരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
കമ്മ്യൂണിസ്റ്റ് വരട്ടുവാദത്തിന്റെയും വലതുപക്ഷ ജീര്‍ണ്ണതയുടെയും ഇടയില്‍ വഴിമുട്ടിയ കേരളത്തിന് വഴിതെളിക്കാന്‍ ബിജെപി കരുത്തുനേടി എന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമാണ് നിര്‍വ്വാഹകസമിതി യോഗം നടക്കുന്നതെന്ന പ്രത്യേകതയും ബിജെപി നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നു.
യോഗത്തിന് മുന്നോടിയായി വ്യാപകമായ ആശയപ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാസമ്പര്‍ക്കയജ്ഞം ഉദ്ഘാടനം ചെയ്തു. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദമുഖര്‍ജിയുടെ ജന്മദിനമായ ഇന്ന് കോഴിക്കോട് ജില്ലയില്‍ ദീനദയാല്‍ ഉപാധ്യായ രചിച്ച ഏകാത്മാനവദര്‍ശനം വിതരണം ചെയ്യും. മണ്ഡല കേന്ദ്രങ്ങളില്‍ 100 വീതം പ്രമുഖരെ സന്ദര്‍ശിച്ച് ഒരാഴ്ച നീണ്ടു നില്‍ ക്കുന്ന സമ്പര്‍ക്കത്തിലൂടെ പുസ്തകം എത്തിക്കാനാണ് പദ്ധതി.
എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, മതനേതാക്കള്‍ എന്നിവരെ സന്ദര്‍ശിച്ച് പുസ്തകം കൈമാറും. ഇതിന്റെ ഉദ്ഘാടനം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.പി. ഉമര്‍ഫറൂഖ് പുസ്തകം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ സെമിനാറുകള്‍, പ്രഭാഷണ പരമ്പരകള്‍ എന്നിവ നടക്കും. ദേശീയ നേതാക്കള്‍ ബുദ്ധിജീവികള്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.
വൈചാരിക മുന്നേറ്റത്തിന് ശക്തമായ അടിത്തറയിടുന്നതാണ് ഏകാത്മാ മാനവ ദര്‍ശനത്തിന്റെ പ്രചാരണവും ചര്‍ച്ചയും കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. മണ്ഡലത്തില്‍ പ്രധാന നേതാക്കള്‍ അടങ്ങുന്ന 13 ബാച്ചുകള്‍ ഒരാഴ്ചക്കാലം ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രചാരണത്തിനു രംഗത്തിറങ്ങും.
















