മുംബൈ: ഇന്ത്യൻ അമ്പെയ്‌ത്തിലെ സൂപ്പർതാരം ദീപികാ കുമാരിയുടെ ഒളിമ്പിക്‌സ് പങ്കാളിത്തം സംശയത്തിൽ. ഒളിമ്പിക്‌സിന് ഒരു മാത്രം ശേഷിക്കെ വലതുതോളിനേറ്റ പരിക്കാണ് ദീപികയുടെ ഒളിമ്പിക്‌സ് സാധ്യത സംശയത്തിലാക്കിയിരിക്കുന്നത്. ബൊംബെയ്‌ല ദേവിയും ലക്ഷ്മി റാണി മാഞ്ചിയുമടങ്ങുന്ന വനിതാ ടീമിനെ നയിക്കുന്നത് ദീപിക കുമാരിയാണ്.
‘തോളിന് ചെറിയ കുഴപ്പമുണ്ട്. വേഗത്തിൽ അത് ഭേദമാകുമെന്നാണ് കരുതുന്നത്’, മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22കാരിയായ ദീപിക വ്യക്തമാക്കി. റിയോ ഒളിമ്പിക്‌സിൽ ദീപികക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ആർച്ചെറി അസോസിയേഷന്റെ ഒളിമ്പിക്‌സ് റാങ്കിങ്ങിൽ നാലാമതുള്ള റിമിൽ ബുരിയൂലി ഇന്ത്യക്കായി മത്സരിക്കും.
നിലവിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ദീപിക കുമാരി ലോകകപ്പിൽ മൂന്നുതവണവെള്ളിമെഡൽ നേടിയിട്ടുണ്ട്. ടീം ഇനത്തിൽ ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലുമായി രണ്ട് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണ്ണവും നേടി.
















