മങ്കൊമ്പ്: മഴക്കാലമാരംഭിച്ചതോടെ പതിവു പോലെ ചതുര്‍ഥ്യാകരി വികാസ് മാര്‍ഗ് റോഡ് വെള്ളത്തിനടിയിലായി. വികാസ്മാര്‍ഗ് റോഡിന്റെ വിനോബനഗര്‍ പ്രദേശത്തെ 200 മീറ്ററിലധികം വരുന്ന പ്രദേശമാണ് മഴക്കാലമാരംഭിച്ചപ്പോള്‍ മുതല്‍ ഗതാഗതതടസം നേരിടുന്നത്. പതിവായി രണ്ടാംകൃഷിയില്ലാത്ത അയ്യനാട് പാടശേഖരത്തിനു നടുവില്‍ക്കൂടിയാണ് വികാസ് മാര്‍ഗ് റോഡ് കടന്നുപോകുന്നത്. റോഡ് നിര്‍മിച്ചപ്പോള്‍ പ്രദേശത്തെ ജലനിരപ്പു മനസിലാക്കാതെ നിര്‍മിച്ചതാണ് കുഴപ്പങ്ങള്‍ക്കു കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ചങ്ങനാശേരിയില്‍ നിന്നും ചതുര്‍ഥ്യാകരിയിലേക്ക് ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍, നൂറുകണക്കിനു സ്വകാര്യ വാഹനങ്ങള്‍ എന്നിവ ദിവസേന ഈ റോഡുവഴി കടന്നുപോകുന്നു. കാല്‍നടയാത്രക്കാരായ വിദ്യാര്‍ഥികളും ഏറെ ദുരിതമനുഭവിക്കുന്നു. എല്ലാവര്‍ഷവും ജൂണ്‍, ജൂലായ്, മാസങ്ങളില്‍ റോഡ് വെള്ളത്തിനടിയില്‍ത്തന്നെയാണ്. വെളളക്കെട്ടുള്ള റോഡില്‍ക്കൂടി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഓളത്തില്‍ റോഡരികിലുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്.
















