ഡെറാഡൂണ്‍: ശനിയാഴ്ചയുണ്ടായ കനത്ത മഴ ഏറ്റവുമധികം നാശം വിതച്ച ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെ രണ്ട് ദിവസത്തിന് ശേഷം സൈനികര്‍ രക്ഷപ്പെടുത്തി. ആസം റൈഫിള്‍സ് റെജിമെന്റില്‍ നിന്നുള്ളവരാണ് സ്ത്രീയെ രണ്ട് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെടുത്തത്.
പിത്തോറഗഡിലെ ബസ്താദി ഗ്രാമത്തിലെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഈ സ്ത്രീ രണ്ട് ദിവസം ജീവന് വേണ്ടി പൊരുതിയത്. ഇവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൈന്യം ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
പിത്തോറഗഡ്, ചമോലി ജില്ലകളില്‍ സൈന്യം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണസേനയും, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സൈന്യവും സൈന്യവും രംഗത്തുണ്ട്. പിത്തോറഗഡില്‍ പതിനഞ്ച് പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിനിടെ മൂന്ന് മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം പതിനെട്ടായി. പതിനേഴ് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വ്യോമമാര്‍ഗം വിദഗ്ദധ ചികിത്സകള്‍ക്കായി പിതോറഗഡിലേക്ക് കൊണ്ടുപോയി. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തെ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ശൈലേഷ് ബഗോലി അഭിനന്ദിച്ചു.
979 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. ഇതില്‍ 333 ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി. 646 ഗ്രാമങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 79 കുടിവെള്ള വിതരണ പൈപ്പുകളും തകര്‍ന്നിട്ടുണ്ട്. ഇവയില്‍ 13 എണ്ണം നന്നാക്കി. അറ്റക്കുറ്റപ്പണികള്‍ നടത്തിയ പൈപ്പ് ലൈനുകളിലൂടെ ജലവിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. 66 പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപണി പുരോഗമിക്കുകയാണ്.
















