ചണ്ഡീഗഢ്: പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ ഖുറാന്‍ കീറിയെറിഞ്ഞ സംഭവത്തില്‍ എഎപിയുടെ ദല്‍ഹി എംഎല്‍എ നരേഷ് യാദവിനെ ഇന്നു ചോദ്യം ചെയ്യും. രാവിലെ 11ന് സംഗരൂരിലെ സിഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രിത്പാല്‍ സിങ് തിന്‍ഡ് പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കല്‍ എന്നിവയ്‌ക്ക് ഭാരതീയ ശിക്ഷാ നിയമമനുസരിച്ച് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേര്‍ കോട്‌ലയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഖുറാന്‍ പേജുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയത് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ദല്‍ഹിയില്‍ വ്യവസായിയായ വിജയ് കുമാറിനെ അറസ്റ്റ് ചെയ്തു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എംഎല്‍എയാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമായത്. കഴിഞ്ഞ മാസം 24ന് ദല്‍ഹിയില്‍നിന്ന് വരുന്നതിനു മുന്‍പ് നരേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിജയ് കുമാര്‍ മൊഴി നല്‍കി. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കലാപാന്തരീക്ഷം രൂപപ്പെട്ടു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് വിഭാഗീയത സൃഷ്ടിക്കുക ലക്ഷ്യമിട്ട് എഎപിയുടെ നീക്കം.
















