പാരീസ്: യൂറോ 2016 പോരാട്ടങ്ങൾ കലാശത്തിലേക്ക്. പുതിയ ചാമ്പ്യന്മാരെ കണ്ടെത്താൻ ഇനി മൂന്ന് പോരാട്ടങ്ങൾ മാത്രം. രണ്ട് സെമിയും ഒരു ഫൈനലും. ആദ്യ സെമിയിൽ വ്യാഴാഴ്ച ജർമ്മനി ആതിഥേയരായ ഫ്രാൻസിനെ നേരിടുമ്പോൾ വെള്ളിയാഴ്ച രണ്ടാം സെമിയിൽ വെയ്ൽസ് പോർച്ചുഗലുമായി ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും രാത്രി 12.30ന് ആരംഭിക്കും.
ഞായറാഴ്ചയാണ് യൂറോപ്പിലെ കാൽപ്പന്തുകളിയുടെ രാജാക്കന്മാരെ നിശ്ചയിക്കുന്ന ഫൈനൽ.
വെയ്ൽസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബെൽജിയത്തെ തകർത്താണ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. പോർച്ചുഗൽ ഷൂട്ടൗട്ടിനൊടുവിൽ പോളണ്ടിനെ കീഴടക്കി അവസാന നാലിൽ എത്തി. ജർമ്മനി മുൻ ചാമ്പ്യന്മാരായ ഇറ്റലിയെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തിയപ്പോൾ ഫ്രാൻസ് ഐസ്‌ലൻഡിനെ ഗോൾ മഴയിൽ മുക്കിയാണ് അവസാന നാലിൽ ഇടംപിടിച്ചത്.
ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടറും ക്വാർട്ടർ ഫൈനലും ഉൾപ്പെടെ യൂറോകപ്പിൽ ഇതുവരെ നടന്നത് 48 മത്സരങ്ങൾ. 2.15 ശരാശരിയിൽ 103 ഗോളുകളും പിറന്നു. ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് പട്ടികയിൽ ഫ്രാൻസ് താരം അന്റോണിയോ ഗ്രിസ്മാൻ ഒന്നാമത്.
നാല് ഗോളുകളാണ് ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്ത് മൂന്നു ഗോളുകളുമായി നാല് പേർ. ഫ്രാൻസിന്റെ ഒളിവർ ജിറൗഡ്, ദിമിത്രി പയറ്റ്, വെയ്ൽസ് സൂപ്പർ താരം ഗരെത് ബെയ്, സ്പാനിഷ് താരം ആൽവാരോ മൊറാട്ട. സ്‌പെയിൻ പുറത്തായിക്കഴിഞ്ഞതിനാൽ ടോപ് സ്‌കോററാവാൻ മൊറാട്ടക്ക് ഈ യൂറോയിൽ ഇനി അവരമില്ല.
















