വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറുടെ ആഹ്ലാദം
ലണ്ടൻ: റോജർ ഫെഡറർ, മാരിൻ സിലിച്ച്, സാം ക്വയറി, സിമോണ ഹാലെപ്പ്, ആഞ്ചലിക് കെർബർ, സിബുൽക്കോവ, അനസ്താസിയ പാവ്‌ലുചെങ്കോ തുടങ്ങിയവർ വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ.
പുരുഷ സിംഗിൾസിൽ ലോക മൂന്നാം നമ്പറും സ്വിസ് ഇതിഹാസവുമായ റോജർ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ സ്റ്റീവ് ജോൺസണെ തകർത്താണ് അവസാന എട്ടിലേക്ക് കുതിച്ചത്. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-2, 6-3, 7-5 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം.
അഞ്ചാം സീഡ് കി നിഷികോരി മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതോടെയാണ് ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ച് ക്വാർട്ടറിലെത്തിയത്. ആദ്യ സെറ്റ് 6-1നും രണ്ടാം സെറ്റിൽ 5-1നും സിലിച്ച് മുന്നിട്ടുനിൽക്കുമ്പോഴാണ് നിഷികോരി പിന്മാറിയത്. ഫ്രഞ്ച് താരം നിക്കോളാസ് മഹതിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സാം ക്വയറി ക്വാർട്ടറിലേക്ക് മുന്നേറിയത്. ഒരു മണിക്കൂറും 59 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 6-4, 7-6 (7-5), 6-4 എന്ന ക്രമത്തിലായിരുന്നു ക്വയറി വിജയം കണ്ടത്.
വനിതാ സിംഗിൾസിൽ നാലാം സീഡ് ജർമ്മനിയുടെ ആഞ്ചലിക് കെർബർ നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ മിസോകി ദോയിയെ പരാജയപ്പെടുത്തി. സ്‌കോർ: 6-3, 6-1. അതേസമയം മൂന്നാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡ്‌വാൻസ്‌കയെ 19-ാം സീഡ് സ്ലൊവാക്യയുടെ ഡൊമിനിക സിബുൽക്കോവ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ അട്ടിമറിച്ചു.
സ്‌കോർ: 6-3, 5-7, 9-7. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെ 6-2, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ച് യാരോസ്ലാവ ഷ്വെഡോവയും ക്വാർട്ടറിൽ. അഞ്ചാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പ് ഒമ്പതാം സീഡ് അമേരിക്കയുടെ മാഡിസൺ കെയ്‌സിനെ ഒരു മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി അവസാന എട്ടിൽ ഇടംപിടിച്ചു. സ്‌കോർ: 6-7 (5-7), 6-4, 6-3. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമാണ് ഹാലപ്പ് വിജയം കരസ്ഥമാക്കിയത്.
















