കണ്ണൂര്‍: സിമന്റിന് അനിയന്ത്രിതമായി വിലവര്‍ദ്ധിപ്പിച്ച് കുത്തക സിമന്റ് കമ്പനികള്‍ നിര്‍മ്മാണ മേഖലയില്‍ വന്‍പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിമന്റിന് വിലവര്‍ദ്ധിപ്പിച്ച് സിമന്റ് കമ്പനികള്‍ കോടികളുടെ വരുമാനമുണ്ടാക്കുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റിന് കൃത്രിമ ക്ഷാമമുണ്ടാക്കി കമ്പനികളുടെ ഇഷ്ടത്തിന് വിലവര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നാണ് കൂടുതല്‍ വില ഈടാക്കുന്നത്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ് നാട്ടില്‍ ഈടാക്കുന്നതിനെക്കാള്‍ നാലിരട്ടിവരെ വിലയാണ് കേരളത്തില്‍ ഈടാക്കുന്നത്. കേരളത്തില്‍ മലബാര്‍ സിമന്റ്‌സില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാമെന്നിരിക്കെ സര്‍ക്കാന്‍ ഒന്നും ചെയ്യാതെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് ടി.ദിനേശന്‍, എം.വി.ഗംഗാധരന്‍, ടി.പ്രവീണ്‍ കുമാര്‍, ടി.പ്രകാശന്‍, കെ.വി.സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















