പാനൂര്‍: പാനൂര്‍ മേഖലയില്‍ ബാലവേല വര്‍ദ്ധിക്കുന്നു. സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ജനകീയസമിതി സെക്രട്ടറിയായിരുന്ന ഇ.മനീഷ് നല്‍കിയ പരാതിയെത്തുടര്‍ന്ന് മേഖലയില്‍ ബാലവേലക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് താഴെത്തട്ടില്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് ബാലവേല വീണ്ടും വര്‍ദ്ധിച്ചത്. ഒരു വര്‍ഷം മുന്‍പ് കൈവേലിക്കലില്‍ വീട്ടുവേലക്ക് നിര്‍ത്തിയ പതിനൊന്നുകാരി പീഡനം സഹിക്കാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയും നാട്ടുകാര്‍ കുട്ടിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യക്ഷമമായ അന്വേഷണം നടന്നില്ല. കഴിഞ്ഞ ദിവസം കൈവേലിക്കലില്‍ തന്നെ തുണ്ടിയില്‍ അഷ്‌റഫ് എന്നയാളുടെ വീട്ടില്‍ നിന്നും തമിഴ്‌നാട് ആര്‍ക്കോണം സ്വദേശിനിയായ പതിനാറുകാരി പീഡനം സഹിക്കാതെ ഇറങ്ങിയോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ ദിവസം കുട്ടിക്കടത്തു സംഘത്തെ പിടികൂടിയിരുന്നു. സമ്പന്നരുടെ വീടുകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് നിര്‍ത്തുന്ന കുട്ടികളില്‍ നിന്നും ഇടനിലക്കാര്‍ കൊയ്യുന്നത് ലക്ഷങ്ങളാണ്. ബാലാവകാശ നിയമം കര്‍ശനമാണെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ബോധവല്‍ക്കരണവും പരിശോധനയും നടന്നിട്ടും പാനൂര്‍ മേഖലയില്‍ കുട്ടിക്കടത്തു സംഘങ്ങള്‍ ജോലിക്കായി കുട്ടികളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കൈവേലിക്കലില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളിലാണ് ബാലവേല കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരെ സംരക്ഷിക്കാന്‍ രാഷ്‌ട്രീയനേതൃതങ്ങളും പോലീസും ഒത്താശ ചെയ്യുകയാണെന്ന് ഇ.മനീഷ് ആരോപിക്കുന്നു. കൈവേലിക്കല്‍, കടവത്തൂര്‍, ചെറുപറമ്പ്, കുന്നോത്ത്പറമ്പ്, എലാങ്കോട് ഭാഗങ്ങളിലാണ് ബാലവേല സജീവമായി നടക്കുന്നത്. ഇതിനെതിരെ പോലീസ് നടപടി കാര്യക്ഷമമായില്ലെങ്കില്‍ ജനകീയ റെയ്ഡിലൂടെ കുട്ടികളെ മോചിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
















