കരുവാരകുണ്ട്: കുണ്ടോടയിലെ തോട്ടുംകുഴി തുരുത്തില് താമസിക്കുന്ന ഏഴ് കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമായില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തില് ഏഴ് കുടുംബങ്ങളിലായി നാല്‍പ്പതോളം ആളുകള്‍ താമസിക്കുന്നുണ്ട്. 30 വര്‍ഷത്തോളമായി ഇവരില്‍ നിന്നും നികുതി സ്വീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്നുള്ള ഒരു സഹായവും ലഭിക്കില്ല. കനത്ത മഴയില്‍ വെള്ളം കയറി നിലംപൊത്താറായ വീടുകളില്‍ കഴിയുകയാണിവര്‍. നിത്യരോഗികളെയും, വൃദ്ധരും, വിദ്യാര്‍ത്ഥികളും ഒരുപോലെ ബുദ്ധിമുട്ടിലാണ്. പതിനാറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും സ്കൂളില്‍ പോകുന്നുണ്ട്. ഇടിഞ്ഞ് പൊളിഞ്ഞുവീഴാറായ വീട്ടില്‍ ഭീതിയോടെ താമസിക്കുന്ന എഴുപതുകാരി കുറുവത്ത് സൈന താത്തയുടെ ദുരിതാവസ്ഥയെങ്കിലും അധികൃതര്‍ മനസിലാക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. മുട്ടൊപ്പം ജലത്തിലൂടെ വേച്ചുവേച്ച് നടന്ന് റോഡിലെത്തി സാധന സാമഗ്രികള്‍ വാങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന സൈനാത്ത നാട്ടുകാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഇവരുടെ ദുരിതകഥ അറിഞ്ഞ് മുള്ളറ ഫേസ്ബുക്ക് കൂട്ടായ്മ സഹായഹസ്തവുമായി എത്തിയിരുന്നു.
തുരുത്ത് നിവാസികളില്‍ മിക്കവരും വോട്ടര്‍ പട്ടികയില്‍ പേരുള്ളവരായതിനാല് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇവരെ ആവശ്യമാണ്. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവരും കയ്യൊഴിയും.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇവരുടെ ദുരിതാവസ്ഥ മനുഷ്യാവകാശ കമ്മീഷന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമഗ്ര സാംസ്കാരിക വേദി അംഗങ്ങളായ ഒ.പി.ഇസ്മായില്‍, കെ.അനില്‍കുമാര്‍, എം.എം.മോനായി, കെ.പി.വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: