പെരിന്തല്‍മണ്ണ: ഇഴ മുറിയാതെ പെയ്യേണ്ട ഇടവപ്പാതിയും ചതിച്ചതോടെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ കടുത്ത ആശങ്കയില്‍. കാര്‍ഷികമേഖലയിലുണ്ടായ തളര്‍ച്ച കാലവര്‍ഷം ശക്തിപ്പെടുന്നതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസ്തമിക്കുന്നത്. നാട്ടിന് പുറങ്ങളിലെ തോടുകളില്‍ പോലും ഇനിയും നീരൊഴുക്കായിട്ടില്ല. മുമ്പ് ഇടവപ്പാതിയോടെ ഉറവ് പിടിക്കുന്ന കിണറുകളില്‍ ഇപ്പോഴും ശോഷിച്ച കാഴ്ചയാണ് ദൃശ്യമാവുന്നത്. പെരിന്തല്‍മണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പേരിന് മാത്രമാണ് ഇപ്പോള്‍ മഴ കിട്ടുന്നത്. ഒന്ന് ഇരുണ്ട് വീണ്ടും തെളിഞ്ഞ് വെയില് പരക്കുന്ന കാലാവസ്ഥയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വെയിലിനു ശക്തികൂടിയതും മഴകുറവിനെയാണ് സൂചിപ്പിക്കുന്നത്. മഴക്കുറവ് നെല്‍ കര്‍ഷകരെയാണ് ഏറെ ബാധിച്ചത്. നെല്‍കൃഷി നഷ്ടത്തിലായതിനാല്‍ ഭൂരിഭാഗം കര്‍ഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. പുലാമന്തോള്‍ പഞ്ചായത്തിലെ പ്രധാന കാര്‍ഷിക മേഖലയായ പാലൂര് പാടം, ചെമ്മലശ്ശേരി പാടം എന്നിവിടങ്ങളിലെല്ലാം കൃഷിയിറക്കാന്‍ കര്‍ഷകര്‍ മടിക്കുകയാണ്. എന്നിട്ടും നഷ്ടം സഹിച്ച് കൃഷി ഇറക്കുന്ന കര്‍ഷകരെയാണ് മഴക്കുറവ് വല്ലാതെ വലക്കുന്നത്. ജൂലൈ ആദ്യവാരത്തിലെങ്കിലും നിലംഉഴുത് കൃഷി ഇറക്കണമെങ്കില്‍ കനത്ത മഴ പെയ്യണം. മഴ കുറയുകയോ നീണ്ട് പോകുകയോ ചെയ്യുന്നതോടെ കൃഷി ഇറക്കുന്നതും നീളും. ഉല്‍പ്പാദനത്തെയും കര്‍ഷകരുടെ ആത്മ വിശ്വാസത്തേയുമാണ് ഇത് ബാധിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: