ന്യൂദല്‍ഹി: ഹോസ്റ്റല്‍ വാര്‍ഡന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണമുന്നയിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് ഒരു സെമസ്‌ററ്ററിന് വിലക്കേര്‍പ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശലയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍യുവിന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ് സ്‌റ്റേ ചെയ്തത്.
മെയ് 30നാണ് വിദ്യാര്‍ത്ഥിനിക്ക് ഒരു സെമസ്റ്ററിന് വിലക്കേര്‍പ്പെടുത്തിക്കോണ്ട് ജെഎന്‍യു ഉത്തരവിട്ടത്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തേണ്ടതാണ് എന്നാല്‍ അതുണ്ടായില്ലെന്നും, സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള സമയം നല്‍കിയില്ലെന്നും അതിനാല്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ആഗസ്റ്റ് 23വരെ സ്റ്റേ ചെയ്യുന്നതായും കോടതി അറിയിച്ചു. കൂടാതെ സ്റ്റേചെയ്ത ഉത്തരവില്‍ സര്‍വ്വകലാശാലയുടെ പ്രതികരണം അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ തന്റെ പ്രതികരണം രേഖപ്പെടുത്താതെയാണ് സെമസ്റ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പെണ്‍കുട്ടി ഹര്‍ജി പരിഗണിക്കവേ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുകാണിച്ച് വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി പരാതി രജിസ്റ്റര്‍ നല്‍കിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നും വാര്‍ഡനെ അപമാനിച്ചെന്നും കാണിച്ച് ഇവര്‍ക്ക് ഒരു സെമസ്റ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തി ജെഎന്‍യു ഉത്തരവിറക്കുകയായിരുന്നു.
















