നരേഷ് യാദവ്
ന്യൂദല്‍ഹി: ഖുറാനെ അപമാനിച്ച് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിനെതിരെ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തില്‍ മതഗ്രന്ഥമായ ഖുറാനെ അപമാനിച്ചെന്നാണ് നരേഷ് യാദവിനെതിരെയുള്ള കുറ്റം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേര്‍കോട്ലയില്‍ കഴിഞ്ഞദിവസം ഖുറാന്‍ പേജുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് ചെറിയ രീതിയില്‍ കലാപാന്തരീക്ഷം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ വിജയ്‌കുമാറിനെ അറസ്റ്റും ചെയ്തു.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് എഎപി എംഎല്‍എ നരേഷ് യാദവാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് നരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ചെയ്യുന്നതിന് ഇയാള്‍ ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായും കേസിലെ മുഖ്യപ്രതി വിജയ് കുമാര്‍ പോലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബില്‍ സമുദായസ്പര്‍ദ്ധ വളര്‍ത്തിയെടുത്താല്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എഎപിക്ക് ഗുണകരമാവുമെന്നും വിജയ്‌കുമാര്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 109, 153-എ എന്നീ വകുപ്പുകള്‍ പ്രകാരം മതസ്പര്‍ദ്ധ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ക്ക് തുടക്കം കുറിക്കുന്നതിനായി എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ അടുത്തിടെ പഞ്ചാബില്‍ സന്ദര്‍ശനം നടത്താനിരിക്കേയാണ് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ എംഎല്‍എ നടത്തിയ ഈ ശ്രമം. അതേസമയം നരേഷ് യാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നില്‍ രാഷ്‌ട്രീയ പ്രേരണയാണെന്ന് എഎപി വക്താവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
















