സന്ദീപ് മട്ടന്നൂര്‍
മട്ടന്നൂര്‍: കഴിഞ്ഞദിവസം വിടവാങ്ങിയ പെരിയച്ചൂര്‍ കളത്തില്‍ ഹൗസില്‍ കമലാക്ഷിയിലൂടെ നഷ്ടമായത് നാട്ടിലെ സംഘപ്രവര്‍ത്തകരുടെ താങ്ങും തണലുമായിരുന്ന അമ്മയെ. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ വിടവാങ്ങിയത്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് പെരിയച്ചൂരിലേക്ക് വിവാഹം കഴിഞ്ഞെത്തിയത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തിലായിരുന്നു. കാലഗതിയനുസരിച്ച് ഗ്രാമത്തില്‍ സംഘ ആശയത്തിന് സ്വാധീനം കൈവരികയും തന്റെ മക്കള്‍ ആര്‍എസ്എസ് ശാഖയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സംഘരീതികളെക്കുറിച്ചും ആശയത്തെക്കുറിച്ചും ആ അമ്മ സ്വയം മനസ്സിലാക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് പെരിയച്ചൂര്‍ ഗ്രാമത്തിലെ സംഘപ്രവര്‍ത്തകരുടെ താങ്ങും തണലുമായാണ് അവര്‍ വര്‍ത്തിച്ചത്. പ്രവര്‍ത്തകരോട് സംഘടനാ കാര്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കുകയും പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കുമ്പോള്‍ അവരെ അടുത്തുവിളിച്ച് സ്‌നേഹപൂര്‍വ്വം ശാസിക്കാനും അവര്‍ മുതിര്‍ന്നിരുന്നു. പെരിയച്ചൂരിലെത്തുന്ന സംഘ അധികാരികള്‍ അവരെ കാണാതെ മടങ്ങാറില്ല. തന്റെ വീട്ടിലെത്തുന്ന സംഘ അധികാരികളെയും പ്രവര്‍ത്തകരെയും സ്‌നേഹപൂര്‍വ്വം ഊട്ടുന്നതും അമ്മയുടെ രീതിയായിരുന്നു. തന്റെ മകനും യുവ സാഹിത്യകാരനുമായിരുന്ന സി.പി.ചന്ദ്രന്റെ സൃഷ്ടികള്‍ വായിക്കുകയും അഭിപ്രായം പറയുകയും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യാനും അവര്‍ക്ക് സാധിച്ചിരുന്നു. സംഘടനാപരമായ പല പരിപാടികള്‍ക്കും സ്ത്രീകളെയു മറ്റും സംഘടിപ്പിക്കാന്‍ അവര്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമിതി സംസ്ഥാന കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍, ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍, താലൂക്ക് കാര്യവാഹ് സി.രജീഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വി.വി.ചന്ദ്രന്‍, മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എ.കൃഷ്ണന്‍, കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍, സാഹിത്യകാരി അംബുജം കടമ്പൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കഥാകാരന്‍ ടി.പത്മനാഭന്‍ അനുശോചിച്ചു.
















