കരുവാരക്കുണ്ട്: കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച വ്യൂ പോയിന്റ് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. നിലവാരം കുറഞ്ഞ ഇരുമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന്റെ പലഭാഗങ്ങളും തുരുമ്പ് പിടിച്ച് സഞ്ചാര യോഗ്യമല്ലാതായിട്ടുണ്ട്. ഇതിന്റെ അടിയില്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും തുരുമ്പ് പിടിച്ച നിലയിലാണ്. പാലത്തിന്മേല് തറച്ചിരുന്ന ഇരുമ്പ് പട്ടകളാണ് ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് തന്നെ ദ്രവിച്ച് പൊളിഞ്ഞിരിക്കുന്നത്. ഇത് വഴി സഞ്ചരിക്കാന്‍ ഭയം തോന്നുമെന്നും നാട്ടുകാര്‍ പറയുന്നു.
മലയോര മേഖലയിലെ അവശേഷിക്കുന്ന പാറക്കെട്ടുകള്‍ സംരക്ഷിക്കുക, വെള്ളചാട്ടം കാണാന്‍ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം ടൂറിസം പദ്ധതി. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. കേരളാംകുണ്ട് പദ്ധതിയില്‍ അഴിമതി ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുറ്റമറ്റതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഡിടിപി സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം രണ്ടു കോടിയോളം രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ലോകോത്തര ഹെറിറ്റേജ് ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനും ലോകപൈതൃക പട്ടികയില്‍പ്പെടുത്താനും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയതിലാണ് ക്രമക്കേടുകള്‍ ഉള്ളതായി ജനങ്ങള്‍ ആരോപിക്കുന്നത്.
നിലവാരമുള്ള ഭക്ഷണഹാള്‍, സമ്മേളന ഹാള്‍, വ്യൂ പോയിന്റ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം ജനങ്ങളുടെ സുരക്ഷയും സഞ്ചാരപാതയും ഉറപ്പാക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: