ബെംഗളൂരു: കാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ പിഡിപി നേതാവും ബെംഗളൂരു ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ അബ്ദുള്‍ നാസര്‍ മദനിക്ക് കോടതി എട്ടു ദിവസം പരോള്‍ അനുവദിച്ചു. നാലാം തീയതി മുതല്‍ 12ാം തീയതി വരെയാണ് പരോള്‍. കേസില്‍ മദനി ഇപ്പോള്‍ കര്‍ണ്ണാടകത്തിലെ പരപ്പന അഗ്രഹാര ജയിലിലാണ്.
മദനിക്ക് ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അവധി നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എത്ര ദിവസം വേണമെന്ന് വിചാരണക്കോടതി തീരുമാനിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരമാണ് എട്ടു ദിവസം പരോള്‍ നല്‍കാന്‍ കര്‍ണ്ണാടകത്തിലെ പ്രത്യേക എന്‍ഐഎ കോടതി തീരുമാനിച്ചത്. മദനിക്ക് സുരക്ഷ നല്‍കാനും കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മയുടെ രോഗവിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി മദനിയോട് നിര്‍ദ്ദേശിച്ചു.
















