ന്യൂയോര്‍ക്ക്: നാസയുടെ ശൂന്യാകാശ വാഹനമായ ജൂണോ വ്യാഴത്തിനു സമീപമെത്തി. തിങ്കളാഴ്ച ഉപഗ്രഹം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ കയറുമെന്നാണ് സൂചന. ഇതോടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമെന്ന് പറയപ്പെടുന്ന വ്യാഴത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നാണ് കരുതുന്നത്.
അഞ്ചു വര്‍ഷം കൊണ്ട് 17 കോടി മൈലുകള്‍ താണ്ടിയാണ് ജൂണോ വ്യാഴത്തിനു സമീപം എത്തിയിരിക്കുന്നത്. തൊട്ടടുത്ത് എത്തിയാല്‍ പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. വാഹനത്തിന്റെ വേഗത കുറയും. അവന്‍ പതുക്കെ ഭ്രമണപഥത്തിലേക്ക് ഊര്‍ന്നിറങ്ങും. വികൃതിക്കുട്ടിയേപ്പോലെ ഉത്തരവ് അനുസരിക്കാതെ അവന്‍ വീണ്ടും മുന്നോട്ടു പോയാല്‍ പിന്നൊന്നും ചെയ്യാനില്ല, പ്രത്യേക കമാന്‍ഡ് നല്‍കി വാഹനം തകര്‍ക്കും. വ്യാഴം എന്ന ഗ്രഹത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ലക്ഷ്യം.
വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ ജലാംശം, കാന്തിക വലയം, ഗുരുത്വാകര്‍ഷണം തുടങ്ങി അനവധി വിവരങ്ങള്‍ ജൂണോ നല്‍കുമെന്നാണ് നാസയുടെ പ്രതീക്ഷ. വ്യാഴം രൂപം കൊണ്ടതിനെപ്പറ്റിയും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചേക്കും.
ജൂണോ വ്യാഴത്തിനു ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും. ധ്രുവപ്രദേശങ്ങളില്‍ എത്തുമ്പോള്‍ വാഹനം വ്യാഴത്തോട് വളരെ അടുത്തിരിക്കും. വ്യാഴത്തിന് വലിയ കാന്തവലയം ഉണ്ട്. ഭൂമിയുടെ കാന്തിക വലയത്തിനുള്ള ശക്തിയുടെ 20000 മടങ്ങ് ശക്തിയാണ് ഇതിനുള്ളത്.
















