ചെന്നൈ: നുങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി എസ്. സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. പ്രണയനൈരാശ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ്. തിരുനെല്‍വേലി സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ രാംകുമാറാണ് (22) പ്രതി.
പോലീസ് വളഞ്ഞപ്പോള്‍ കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതിയെ തിരുനെല്‍വേലിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിയ്‌ക്കുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് രാംകുമാറിനെ അറസ്റ്റു ചെയ്തത്.
നീല ചെക് ഷര്‍ട്ടില്‍ തെളിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് രാംകുമാര്‍ താമസിച്ചിരുന്ന ചൂളൈമേടിലെ വീടുകളോരോന്നും കയറിയിറങ്ങി. തുടര്‍ന്ന് രാംകുമാര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് കൊലചെയ്ത സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട് പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ പല കുറി സ്വാതിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവത്രേ.
















