മാന്നാര്‍: കേരളത്തില്‍ ഇഷ്ടിക വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് മാന്നാര്‍, പരുമല, ബുധനൂര്‍, ചെന്നിത്തല പ്രദേശങ്ങള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ പലതും ഈ മേഖലയിലെ ഇഷ്ടികകള്‍ കൊണ്ട് കെട്ടിപ്പോക്കിയതാണ്. മറ്റ് പ്രദേശങ്ങളെക്കാള്‍ ഈടും ഉറപ്പും ഇവിടുത്തെ ഇഷ്ടികകള്‍ക്ക് ഉണ്ടായിരുന്നതിനാലാണ് ഇത് പ്രിയമാകാന്‍ കാരണമായത്.
മാന്നാറിലും സമീപ പ്രദേശങ്ങളിലുമായി അഞ്ഞൂറോളം ഇഷ്ടിക്കളങ്ങളുണ്ട്. സാധാരണയായി ഒരു ഇഷ്ടിക കളത്തില്‍ 20 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ട ഏറ്റവും പ്രധാന അസംസ്‌കൃത വസ്തു ചെളിയാണ്.
ഈ ഭാഗങ്ങളില്‍ ഏറ്റവും സുലഭമായി ലഭിച്ചിരുന്ന ചെളിയില്‍ ചുട്ടെടെക്കുന്ന ഇഷ്ടികകള്‍ക്ക് ഈടും ഉറപ്പും ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ സമ്പദ് ഘടനെയെ തന്നെ സ്വാധീനിച്ച വ്യവസായമായിരുന്നു ഇത്. എന്നാല്‍ ഇന്ന് ഒന്നോ രണ്ടോ ഇഷ്ടിക നിര്‍മ്മാണശാല മാത്രമാണുള്ളത്.
ഈ വ്യവസായം നശിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. ഇതിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ചെളി, ചരല്‍ എന്നിവയുടെ ദൗര്‍ലഭ്യം, വിറകിന്റെ ക്രമാതീതമായ വിലവര്‍ദ്ധനവും ക്ഷാമവും, കൂലി വര്‍ദ്ധനവും ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ഈ വ്യവസായത്തില്‍ തൊഴിലാളികളുടെ കുറവ് ഏറെ പ്രയാസമാകുന്നുണ്ട്. പരമ്പരാഗത തൊഴിലുകളെ പാടെ ഉപേക്ഷിച്ച് മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ മടങ്ങിപ്പോകുകയാണ്.
















