കരുവാരക്കുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപനിയും അടക്കമുള്ള മാരകമായ സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്നോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. എട്ട് വര്‍ഷം മുന്‍പാണ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആയിരുന്ന ആശുപത്രിയെ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ അഞ്ച് ഡോക്ടര്‍മാരുടെ എങ്കിലും സേവനം ആവശ്യമാണ്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലാത്തത് കാരണം ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലാവുന്നത്.
ഡോക്ടര്‍മാരുടെ കുറവ് കൂടാതെ മരുന്നെടുത്ത് കൊടുക്കാന്‍ ഫാര്മസിസ്റ്റുകളില്ലാത്തതും സ്റ്റോര്‍ കീപ്പര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തിക ഒഴിഞ്ഞ് കിടക്കുന്നതും ലാബ് സൗകര്യം ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തില്‍
ആകെ അഞ്ച് ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ബാക്കി ഡോക്ടര്‍മാരുടെ തസ്തികകളില്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. എന്‍ആര്‍എച്ച്എം മുഖേനയും താല്‍ക്കാലിക നിയമനത്തിലൂടെയുമാണ് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നത്. നിലവിലുള്ള ഏക ഡോക്ടര്‍ ആകട്ടെ പലപ്പോഴും അവധിയിലുമാണ്. നൂറിലധികം രോഗികളാണ് പ്രതിദിനം ഇവിടെ ചികിത്സ തേടിയത്തെുന്നത്. രോഗികള്‍ക്ക് മരുന്ന് എടുത്തു കൊടുക്കാന്‍ ഫാര്മസിസ്റ്റുകളില്ലാത്തത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഫാര്‍മസിയുടെ സേവനം അപ്രാപ്യമാക്കുകയാണ്.
മൂന്ന് ഫാര്‍മസിസ്റ്റ് ആവശ്യമുള്ളിടത്ത് ഒരാളാണുള്ളത്. സ്റ്റോര്‍ കീപ്പറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നത് കാരണം ഫാര്‍മസിയിലേക്കും ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണവും താളം തെറ്റിയിരിക്കുകയാണ്. ലാബ് സൗകര്യം ഇല്ലാത്തത് കാരണം രോഗനിര്‍ണയത്തിന് പുറമെയുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ആശുപത്രി കോമ്പൗണ്ടില്‍ നിന്നും രോഗിയുടെ വാഹനം മോഷണം പോയത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതുകൊണ്ടാണെന്നും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. കാലങ്ങളായി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ തുടരുന്ന ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പൊതു ആവശ്യം പരിഹാരമാവാതെ തുടരുകയാണ്. അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: