ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. 24കാരനായ രാംകുമാറിയാണ് തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നും പോലീസ് പിടികൂടിയത്.
എൻജിനീയറായ രാംകുമാർ കൊലപാതകത്തിനു ശേഷം മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ലോഡ്ജിൽ എത്തിയത്. എന്നാൽ കസ്റ്റെഡിയിൽ എടുക്കാൻ ശ്രമിക്കവെ ഇയാൾ ആത്മഹത്യ ശ്രമം നടത്തി. തുടർന്ന് പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് സമീപത്താണ് പ്രതി താമസിച്ചിരുന്നതെന്നും സ്വാതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതി എസ് (24)നെ നൂങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍വെച്ച് വെട്ടികൊലപ്പെടുത്തിയത്.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നുപോകുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. പ്ലാറ്റ്ഫോമിൽ നിരവധിയാളുകൾ നോക്കി നില്‍ക്കെ പ്രതി യുവതിയെ വെട്ടി വീഴ്‌ത്തുകയായിരുന്നു.
















