മാഡ്രിഡ്: റഷ്യ, ഇംഗ്ലണ്ട് കോച്ചുകള്‍ക്ക് പിന്നാലെ സ്പാനിഷ് കോച്ച് വിന്‍സന്റ് ഡെല്‍ബോസ്‌കും പടിയിറങ്ങി. യൂറോകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് നിലവിലെ ചാമ്പ്യന്മാരായ സ്പാനിഷ് ടീമിന്റെ പരിശീലകനും പടിയിറങ്ങിയത്.
2010ലെ ലോകകപ്പ്, കഴിഞ്ഞ യൂറോ കപ്പ് എന്നിവ സ്‌പെയിന്‍ നേടിയത് ബോസ്‌ക്കിന്റെ പരിശീലനത്തിന്‍ കീഴിലായിരുന്നു. 2008-ല്‍ ലൂയിസ് അരഗോണസിന്റെ പിന്‍ഗാമിയായാണ് വിന്‍സന്റ് ഡെല്‍ബോസ്‌ക് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്.
പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചതാണ് രാജിയെന്നും ഡെല്‍ബോസ്‌ക് സ്പാനിഷ് ദേശീയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്പാനിഷ് ടീമിന് എല്ലാ തരത്തിലുള്ള പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്നും ഡെല്‍ബോസ്‌ക് അറിയിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഡെല്‍ബോസ്‌ക് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ടീമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് തുടരുകയായിരുന്നു.
ബോസ്‌കിന് പിന്നാലെ ചെക്ക് പരിശീലകന്‍ പാവേല്‍ വെര്‍ബയും സ്ഥാനമൊഴിഞ്ഞു. യൂറോ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ചെക്ക് റിപ്പബ്ലിക് പരിശീലകന്‍ വെര്‍ബ സ്ഥാനമൊഴിഞ്ഞത്. യൂറോയില്‍ ഒരു സമനില മാത്രമാണ് ചെക് റിപ്പബ്ലികിന്റെ നേട്ടം. റഷ്യന്‍ ക്ലബായ അന്‍ഷി മെക്കാച്ച്ക്കല ടീമിന്റെ പരിശീലകനായി വെര്‍ബയെ നിയോഗിച്ചിട്ടുണ്ട്.
















