മാഴ്സലെ: ലൂയിസ് ഫിഗോക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ശേഷം പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ ആവേശമായി റെനാറ്റോ സാഞ്ചസ്. സാഞ്ചസിന്റെ താരോദയത്തിനാണ് പോളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സാക്ഷ്യം വഹിച്ചത്. ഇന്നലെ പോളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളംനിറഞ്ഞുകളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത സാഞ്ചസിനെ പോര്‍ച്ചുഗലിന്റെ പുതിയ ഹീറോയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒമ്പത് മത്സരങ്ങളില്‍ കളിച്ച സാഞ്ചസിന്റെ ആദ്യ രാജ്യാന്തര ഗോളുമാണ് ഇന്നലെ പിറന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രിസ്റ്റിയാനോക്ക് പിന്നാലെ കിക്കെടുക്കാനെത്തിയ സാഞ്ചസ് ലക്ഷ്യം പിഴക്കാതെ വല കുലുക്കുകയും ചെയ്തു. മധ്യനിരയില്‍ കളംനിറഞ്ഞുകളിച്ചതിനൊപ്പം മുന്നേറ്റനിരക്കാരായ സൂപ്പര്‍താരം ക്രിസ്റ്റിയാനോക്കും നാനിക്കും തുടര്‍ച്ചയായി പന്തെത്തിക്കുന്നതിലും അനിതരസാധാരണ പ്രകടനമാണ് ഇന്നലെ സാഞ്ചസ് എന്ന 18 കാരന് നടത്തിയത്. ഒരേ സമയം മധ്യനിരയിലും പ്രതിരോധത്തിലും അറ്റാക്കിംഗിലും കളിക്കാന്‍ കഴിയുന്നതും സാഞ്ചസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്നാക്കുന്നു.
പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ 50-ാം മിനിറ്റില്‍ ആന്ദ്രെ ഗോമസിന് പകരക്കാരനായെത്തി മിന്നുന്ന പ്രകടനം നടത്തിയ സാഞ്ചസിനെ പോളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ ആദ്യ ഇലവനില്‍ കോച്ച് ഉള്‍പ്പെടുത്തി. പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്ന സാഞ്ചസ് തീരുമാനം നൂറു ശതമനം ശരിയെന്ന് തെളിയിക്കുകയും ചെയ്തു.
ഒപ്പം യൂറോയില്‍ സ്വിറ്റസര്‍ലന്‍ഡിന്റെ വൊലാന്തെനും ഇംഗ്ലണ്ടിന്റെ റൂണിക്കും പിന്നില്‍ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്കോറര്‍ കൂടിയായി പോളണ്ടിനെതിരായ ഗോളോടെ സാഞ്ചസ്. 18 വയസും 317 ദിവസവുമാണ് ഗോള്‍ നേടുമ്പോള്‍ സാഞ്ചസിന്റെ പ്രായം. ഒപ്പം നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി സാഞ്ചസിന് സ്വന്തം.
പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15, 16, 17, 19 ടീമുകളില്‍ കളിച്ചുവളര്‍ന്ന സാഞ്ചസ് കഴിഞ്ഞ മാര്‍ച്ച് 25ന് ബള്‍ഗേറിയക്കെതിരെയാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ചാമ്പ്യന്ക്ഷിപ്പില് സാഞ്ചസിന്റെ അരങ്ങേറ്റം പ്രീ ക്വാര്‍ട്ടറില്‍ ഐസ്ലന്ഡിനെതിരെ. 71-ാം മിനിറ്റില്‍ ജാവോ മൗടീഞ്ഞോക്ക് പകരക്കാരനായി കളത്തിലെത്തിയ സാഞ്ചസ് പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമാക്കി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് സാഞ്ചസ് പിന്തള്ളിയത്. പിന്നീട് ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും പകരക്കാരനായി കളത്തിലെത്തി. ചുരുങ്ങിയ മത്സരങ്ങള്‍കൊണ്ടുതന്നെ ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ കണ്ണിലുണ്ണിയായി മാറിയ സാഞ്ചസ് ഇനി ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനായി ബൂട്ടുകെട്ടും. പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയുടെ താരമായ സാഞ്ചസിനെ 35 മില്യണ്‍ യൂറോക്കാണ് ബയേണ്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: