കുമളി : അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടി എത്തുന്ന പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ഇന്നലെ രാവിലെ ഒ പി വിഭാഗത്തില്‍ രോഗികള്‍ മരുന്നു വാങ്ങാന്‍ എത്തിയപ്പോഴാണ് നാലു ഡോക്ടര്‍മാരില്‍ മൂന്നു പേര്‍ക്കും സ്ഥലം മാറ്റമാണെന്ന് അറിയുന്നത്. മാറ്റം കിട്ടിയ ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രം രോഗികളെ പരിശോധിക്കാന്‍ ജോലിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പുറ്റടിയിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ജനപ്രതിനിധികളെ ഉള്‍പ്പെടെ വിവരം അറിയിക്കുകയും ചെയ്തതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് സ്ഥലം മാറ്റിയ ഡോക്ടര്‍മാരോട് പകരം സംവിധാനം ആകുന്നതു വരെ തല്‍സ്ഥാനത്തു തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയമത്രയും നൂറുകണക്കിന് രോഗികള്‍ ചികിത്സ കാത്തു പുറത്തു നില്‍ക്കുകയായിരുന്നു .അതോടൊപ്പം നാല്പതോളം രോഗികള്‍ അഡ്മിറ്റായി ചികിത്സയിലും കഴിയുന്നു.സാധാരണ പ്രക്രിയയുടെ ഭാഗം മാത്രമാണ് ഈ സ്ഥലം മാറ്റ ഉത്തരവ് എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. കരുണാപുരം, വണ്ടന്മേട്, ചക്കുപള്ളം എന്നീ മൂന്നു പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമാണ് പുറ്റടി സര്‍ക്കാര്‍ ആശുപത്രി. പ്രദേശത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയതിന്റെ ഫലമായാണ്. ഈ ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉണ്ടായത്. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായ് ജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്.
















