ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം തേടി. ഭൂമിയിടപാട് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദ്രയ്‌ക്ക് സമന്‍സ് അയക്കുന്നത്.
കഴിഞ്ഞമാസം അയച്ച നോട്ടീസിന് മറുപടിയായി കമ്പനിയുടെ യാതൊരു രേഖകളുമില്ലാതെ ഒരു വക്കിലാണ് എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പില്‍ ഹാജരായത്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുഴുവന്‍ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെഹാജരാകാന്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് മറ്റ് നിരവധി പേര്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ബിക്കാനീര്‍ ജില്ലയില്‍ 275 ഏക്കര്‍ സ്ഥലമാണ് കമ്പനി വാങ്ങിയിരിക്കുന്നത്. പ്രദേശത്തെ തഹസില്‍ദാറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ ര്ജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റയടിസ്ഥാനത്തിലാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാദ്രയുടെയോ കമ്പനിയുടെയോ പേര് പരാമര്‍ശിക്കാതെ ഭൂമി മാഫിയ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് എഫ്‌ഐആറില്‍ പ്രതിപാദിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ നടത്തിയിരിക്കുന്ന 374.44 ഹെക്ടര്‍ അനധികൃത ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
















