ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. ഹിന്ദു പുരോഹിതനെ വെട്ടിക്കൊന്നതാണ് ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ധാക്കയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ കിഴക്കു പടിഞ്ഞാറുള്ള ജിന്നായിദാ ജില്ലാ ആസ്ഥാനത്തുള്ള ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് ഇന്ന് പുരോഹിതനായ ശ്യാമനന്ദോ ദാസിനെ (45) വെട്ടികൊലപ്പെടുത്തിയത്. ഇന്നു രാവിലെ 6.30ഓടെ ആണ് പുരോഹിതന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.
രാവിലെ ക്ഷേത്രത്തിലെ പൂജയ്‌ക്കായി തയ്യാറെടുക്കുകയായിരുന്നു ദാസ്. ആ സമയം മോട്ടോര്‍ ബൈക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ വടിവാള്‍ കൊണ്ട് അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് ജില്ലാ അധികാരി പറയുന്നു. ദാസിന്റെ കഴുത്തില്‍ മൂന്നു പ്രാവശ്യമാണ് അവര്‍ വെട്ടിയത്. തലയിലും വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ദാസ് മരിച്ചത്.
ഒരു സംഘടനയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ രാജ്യത്തു നടന്നു വരുന്ന കൊലപാതകങ്ങളിലുള്ള സമാനത ഇതിനു പിന്നിലും ഇസ്ലാമിസ്റ്റ് ഭീകരരാണെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞമാസം 70കാരനായ ഒരു ഹിന്ദു പുരോഹിതനെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി മതേതര രാജ്യമാണെങ്കിലും രാജ്യത്തെ 160 മില്യന്‍ ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.
















