താനൂര്‍: നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെന്ന് ആരോപിച്ച് സംഭവ സ്ഥലത്തെത്തിയ കലക്ടറെ നാട്ടുകാര്‍ തടഞ്ഞു. ചോര്‍ച്ച തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ താനൂര്‍ ജ്യോതി തിയേറ്ററിന് സമീപത്തായിരുന്നു അപകടം. ഇന്ധനം പൂര്‍ണ്ണമായും സമീപത്തെ ചാലിലൂടെ കനോലി കനാലിലേക്ക് ഒഴുകി. പരിസരത്ത് ഇന്ധനം പരന്നൊഴുകിയിട്ടും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് അധികൃതര്‍ തയ്യാറായില്ല. വിമാനത്തില്‍ നിറക്കാനുള്ള ഇന്ധനമായതിനാല്‍ തീപിടിക്കാന്‍ സാധ്യത കുറവാണന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ആറ് മണിക്കൂറിന് ശേഷം തീപിടുത്തമുണ്ടായി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പലരും വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി. ഒരു ഫയര്‍ഫോഴ്സ് യൂണിറ്റ് മാത്രമാണ് ആദ്യം എത്തിയത്. തീ പിടിച്ചപ്പോഴാണ് ഉദ്യോഗസ്ഥരും ഉണര്‍ന്നത്. ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ വൈകിയാണ് എത്തിയതെന്നും പരാതിയുണ്ട്.
അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം രാവിലെ 10. 30 ഓടെ തീ പടരുകയായിരുന്നു. ഉയരത്തില്‍ പുക പടര്‍ന്നതോടെ പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്ന് പുറത്തിറങ്ങി. തെങ്ങിലകത്ത് കോയയുടെ വീടിന്റെ മുന്‍ഭാഗം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും ബൈക്കുകളും കത്തി നശിച്ചു. ചേക്കിന്റകത്ത് അനസിന്റെ ബൈക്കാണ് കത്തിയത്. വൈദ്യുത ലൈനുകള്‍ ഉരുകി വീഴുകയും പോസ്റ്റുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. കനോലി കനാലിലേക്ക് സമീപത്തെ അഴുക്ക്ചാല്‍ വഴിയാണ് ഇന്ധനം ഒഴുകിയത്. തീ പടര്‍ന്നതോടെ പ്രദേശത്തെ കൃഷിയിടങ്ങളും പൂര്‍ണ്ണമായും അഗ്നിക്കിരയായി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. ഇന്ധനം കലര്‍ന്ന വെള്ളം കോരിയൊഴിവാക്കിയും മണ്ണ് വിതറിയുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20,000 ലിറ്റര്‍ ഇന്ധനത്തിലെ മുക്കാല്‍ ഭാഗവും കനോലി കനാലില്‍ കലര്‍ന്നതായാണ് നിഗമനം. വിമാന ഇന്ധനമായതിനാല്‍ അപകട സാധ്യത കുറവാണ് എന്ന അധികൃതരുടെ വാദത്തിനെ തെറ്റിച്ചുകൊണ്ട് തീപിടുത്തം ഉണ്ടായത് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമാക്കി. പ്രദേശത്ത് തീപിടിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിക്കണമെന്ന് കര്‍ശ്ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് കനോലി കനാലിന് ഇരുവശത്തുമുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ സുരക്ഷാ നടപടികളാണ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: