കരുവാരകുണ്ട്: പഞ്ചായത്തിലെ കുട്ടത്തി അമ്പലക്കുന്ന് ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടം. പന്ത്രണ്ടോളം വീടുകളും രണ്ട് വൈദ്യുതിക്കാലുകളും തകര്‍ന്നു. ഇരുനൂറോളം മരങ്ങള്‍ കടപുഴകി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് അഞ്ചു മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയത്. നൂറില്‍പ്പരം റബ്ബര്‍ മരങ്ങളും തെങ്ങുകളും കവുങ്ങുകളും പ്ലാവ്, മാവ്, പുളി, വാഴകള്‍ തുടങ്ങി ഒട്ടേറെ വന്മരങ്ങളും കാറ്റില്‍ മുറിഞ്ഞും കടപുഴകിയും വീണു. അമ്പലക്കുന്ന് കുട്ടത്തി റോഡിലേക്ക് കടപുഴകി വീണ വന്മരങ്ങളും തെങ്ങും നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് വെട്ടിമാറ്റിയാണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി കമ്പികളിലേക്ക് വന്മരങ്ങള് മുറിഞ്ഞുവീണ് വൈദ്യുതി തടസ്സപ്പെട്ടു. മരങ്ങള്‍ വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിലേക്ക് വീണാണ് നാലുവീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്. പ്ലാവില്‍ നിന്നും മുറിഞ്ഞുവീണ കൊമ്പുകള്‍ കാറ്റില്‍ ഏറെ ദൂരത്തേക്ക് പറന്നുപോയി. ചക്കകളും തേങ്ങകളും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണു.
നോമ്പുകാലമായതിനാല്‍ പുലര്‍ച്ചെ അത്താഴം കഴിക്കാന്‍ ഉണര്‍ന്ന ചിലര്‍ വന്‍ ശബ്ദത്തോടെയുണ്ടായ കാറ്റില്‍ മരങ്ങള്‍ തലങ്ങും വിലങ്ങും വീഴുന്നത് കണ്ട് പരിഭ്രാന്തരായി. ചിലര്‍ കുട്ടികളുമായി വീടിന് പുറത്തേക്കോടി. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. കിഴക്കുംപറമ്പന്‍ മുഹമ്മദിന്റെ വീടിനു മുകളിലേക്ക് തൊട്ടടുത്ത് നിന്നിരുന്ന പ്ലാവ് മുറിഞ്ഞുവീണ് ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
പാതിക്കാടന് മുജീബ്, ഒറേങ്ങല് അബ്ദുള്‍ കരീം, മേലേടത്ത് രേവി, മേലേടത്ത് കുഞ്ഞന്‍, തുമ്പകുഴിയന് അഷറഫ് എന്നിവരുടെ വീടിനു മുകളിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. റബര്‍ മരങ്ങള്‍ കടപുഴകി വീണ് തൊട്ടടുത്ത് നിന്നിരുന്ന വൈദ്യുതി കാലും തകര്‍ന്നു.
മണ്ണുംപിടിയന് അലവിയുടെ വീടിന്റെ ഒരു ഭാഗവും കുണ്ടുകാവില്‍ സാബിറയുടെ വീടിനുമുകളിലെ ഷീറ്റുകളും തകര്‍ന്നുവീണു. വന്‍ മരങ്ങള്‍ റോഡിലേക്ക് വീണ് വാഹന ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലായി. വിവരമറിഞ്ഞ് മെമ്പര്‍ കുര്യച്ചന് റവന്യൂ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തി. തകര്‍ന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: