മലപ്പുറം: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന് ഉദാഹരണമാണ് മങ്കടയിലെ കൊലപാതകമെന്ന് ബിജെപി ജില്ലാ കമ്മറ്റി ആരോപിച്ചു. സദാചാരത്തിന്റെ പേരില്‍ രാഷ്ട്രീയ പകപോക്കലാണോ നടന്നിരിക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കണം. ക്രൂരമായ രീതിയില്‍ ഒരു മനുഷ്യനെ അടിച്ചുകൊന്നത് വെറും സദാചാര ചിന്തയുടെ പേരിലല്ല. മുന്‍വൈരാഗ്യം ഉള്ളതുപോലെയാണ് പ്രതികള്‍ മരിച്ച നസീറിനോട് പെരുമാറിയതെന്ന് സാക്ഷി മൊഴികളില്‍ വ്യക്തമാണ്. മര്‍ദ്ദനമേറ്റ നസീര്‍ വെള്ളം ചോദിച്ചിട്ട് അത് നല്കാന് പോലും പ്രതികള്‍ സമ്മതിച്ചില്ല. മരണം ഉറപ്പായതിന് ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ പിന്മാറിയത്. ഇത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നു. സദാചാരബോധമുള്ളവരാണെങ്കില് ഒരാളെ അസമയത്ത് പിടികൂടിയാല്‍ എത്രയും പെട്ടെന്ന് പോലീസിന് കൈമാറാനാണ് ശ്രമിക്കുക. അതിന് പകരം അയാളെ മര്‍ദ്ദിച്ച് കൊല്ലുകയാണ് പ്രതികള്‍ ചെയ്തത്. സംഭവം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കേസില്‍ പിടിക്കപ്പെട്ടവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായതുകൊണ്ടും കൊല്ലപ്പെട്ട നസീര്‍ സിപിഎം അനുഭാവി ആയതുകൊണ്ട് രാഷ്ട്രീയ കൊലപാതകമാക്കി മാറ്റാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. ഒരു രക്തസാക്ഷിയെ ഉണ്ടാക്കിയെടുക്കാന്‍ സിപിഎം നടത്തുന്ന നാടകം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: