ന്യൂദല്‍ഹി: രാജ്യത്തെ വ്യാപാര മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി കടകള്‍, മാളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് 365 ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങുന്നു. തൊഴിലവസരത്തില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന മാതൃകാ നിയമത്തിനു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
ഇത്തരം സ്ഥാപനങ്ങളില്‍ രാത്രിയില്‍ സ്ത്രീകളെ മതിയായ സുരക്ഷയൊരുക്കി ജോലിക്കു നിയോഗിക്കാം. പത്തു മുതല്‍ മുകളിലേക്കു ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിയമ പരിധിയില്‍. നിര്‍മാണ യൂണിറ്റുകളെ ഉള്‍പ്പെടുത്തിയിട്ടില്ല.
വനിതകളെ ജോലിക്കു നിയോഗിക്കുമ്പോള്‍ അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. കുടിവെള്ളം, കാന്റീന്‍, ഫസ്റ്റ് എയ്ഡ്, ശൗചാലയങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധം. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിശ്ചിത സമയക്രമമില്ല, അവധിയുമില്ല. എന്നാല്‍, ജീവനക്കാര്‍ക്ക് മതിയായ വിശ്രമവും അവധിയും നല്‍കണം.
ജോലി സമയവും നിലവിലുള്ള നിയമപ്രകാരം. അതിനാവശ്യമായ ജീവനക്കാരെ നിയമിക്കണം.
‘ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് (തൊഴിലിലെ ചട്ടവും സര്‍വീസ് വ്യവസ്ഥകളും) മാതൃകാ ബില്‍ 2016’ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ നിയമം നടപ്പാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ല.
തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് സ്വീകരിക്കാം. അല്ലെങ്കില്‍ അവരുടെ നിയമത്തില്‍ ഇതിനനുസരിച്ച് ഭേദഗതി വരുത്താം. വിവിധ കോണുകളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നിയമം. ഇതു നടപ്പാകുന്നതോടെ രാജ്യത്തെ വ്യാപാര മേഖലയ്‌ക്ക് ഏകീകൃത സ്വഭാവം കൈവരും.
















