ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌കയുടെ റിട്ടേണ്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് രണ്ടാം റൗണ്ടില്‍. ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിഗിനെ നാല് സെറ്റ്‌നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ബര്‍ഡിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6 (7-5), 5-7, 6-1, 7-6 (7-2). ലോക ഒന്നാം നമ്പര്‍ ദ്യോക്കോവിച്ച്, മൂന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍, ഏഴാം സീഡ് റിച്ചാര്‍ഡ് ഗാസ്‌ക്കറ്റ്, നിക്ക് കിര്‍ഗിയോസ് തുടങ്ങിയ പ്രമുഖരും പുരുഷ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ പോളിഷ് സുന്ദരി ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക രണ്ടാം റൗണ്ടിലെത്തി. ഉക്രെയിന്റെ കത്രീന കൊസ്‌ലോവയെ 6-2, 6-1 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് റഡ്‌വാന്‍സ്‌ക അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ജര്‍മ്മന്‍ താരം ആന്ദ്രെ പെറ്റ് കോവിക്കും രണ്ടാം റൗണ്ടിലെത്തി.
ജപ്പാന്റെ നാഹോ ഹിബിനോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു പെറ്റ്‌കോവിക്കിന്റെ കുതിപ്പ്. സ്‌കോര്‍ 3-6, 7-5, 6-2. 13-ാം സീഡ് സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കരോലിന വോസ്‌നിയാക്കി (7-5, 6-4)യെയും ആറാം സീഡ് ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി 6-2, 5-7, 6-3 എന്ന ക്രമത്തില്‍ അമേരിക്കയുടെ അലിസണ്‍ റിസ്‌കെയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി.അതേസമയം മഴകാരണം പല മത്സരങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
















