മുംബൈ: വിവാദമായ ബലാത്സംഗ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ നടന്‍ സല്‍മാന്‍ ഖാന്‍ ദേശീയ വനിതാ കമ്മീഷന് വിശദീകരണം നല്‍കി.
വിവാദ പരാമര്‍ശത്തില്‍ സല്‍മാന്‍ പരസ്യമായി മാപ്പ് പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ സല്‍മാന്‍ തയ്യാറായില്ല, അഭിഭാഷകന്‍ വഴിയാണ് സല്‍മാന്‍ വിശദീകരണം നല്‍കിയതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
സല്‍മാന്റെ വിശദീകരണത്തില്‍ എന്തു നടപടി എടുക്കണമെന്ന് കമ്മീഷന്‍ ആലോചിക്കുമെന്ന് ലളിത കുമാരമംഗലം പറഞ്ഞു. സല്‍മാനോട് ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണം സംബന്ധിച്ച് വിവരിക്കവേ ആയിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. സുല്‍ത്താന്റെ ചിത്രികരണം കടുപ്പമേറിയതായിരുന്നുവെന്നും പലപ്പോഴും താന്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയിലായിരുന്നുവെന്നുമാണ് സല്‍മാന്‍ പറഞ്ഞത്.
ഇത് വലിയ വിവാദമാവുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ പിതാവ് അടക്കമുള്ളവര്‍ ഖേദ പ്രകടനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
















