ഊര്‍ങ്ങാട്ടിരി: മൈത്ര വന്നിലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അടക്കാ ഫാക്ടറി അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഫാക്ടറി ഉടമ കോടതിയില്‍ നിന്ന് താല്‍ക്കാലിക അനുമതി നേടിയെടുത്തു. ഇതിന്റെ ബലത്തിലാണ് ഇപ്പോള്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അടക്ക സംസ്കരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഗന്ധകം ഉപയോഗിക്കുന്നുണ്ട്. ഇത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇതുമൂലം അടിസ്ഥാന വിഭാഗക്കാരും ദരിദ്രരുമായ ജനങ്ങള്‍ നിത്യരോഗികളായി മാറികൊണ്ടിരിക്കുകയാണ്. ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുകയും ഫാക്ടറി പൊളിച്ചുമാറ്റാന്‍ ആര്‍ഡിഒ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും മനുഷ്യാവകാശ കമ്മീഷനെയും, മറ്റ് അധികാരികളെയും സ്വാധീനിച്ച് ഫാക്ടറി ഉടമ കോടതിയില്‍ നിന്ന് താല്കാലിക അനുമതി നേടിയെടുത്തു. ഇപ്പോഴും ഇവിടെ ഗന്ധകം ഉപയോഗിച്ചാണ് അടക്ക സംസ്കരിക്കുന്നത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും സാധ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ ഒ.അക്ബറലി, പാറക്കല്‍ കുട്ടൂസ്സ, പാറക്കല്‍ ഹൈദ്രു, ഒടുങ്ങാടന്‍ അനീസ് എന്നിവര്‍ പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. വന്നിലാപറമ്പ് വാസികള്‍ക്ക് നീതി ലഭിക്കണമെന്നും ഇതിനായി എല്ലാ മേഖലയിലുമുള്ള അധികാരികള്‍ ശ്രദ്ധ ചെലുത്തണമെന്നും രശ്മില്‍നാഥ് ആവശ്യപ്പെട്ടു. അടക്കാഫാക്ടറിക്കെതിരായുള്ള പ്രദേശവാസികളുടെ സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും രശ്മില്‍നാഥ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.സോമസുന്ദരന്‍, എസ്സിമോര്‍ച്ച മണ്ഡലം വൈസ്പ്രസിഡന്റ് വിളക്കുപറമ്പ് ചന്ദ്രന്, യുവമോര്‍ച്ച നേതാക്കളായ സി.ഷനൂബ്, പി.പി നിഖീല്‍, ബിഎംഎസ് നേതാവ് സി.ഗോവിന്ദന്, സി.ഷാജി, എന്‍.വിജയന്, എന്‍.എം ഹരിദാസന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: