മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ പത്തുകോടിയുടെ മാനനഷ്ടകേസ്. കൂട്ടബലാത്സംഗത്തിനിരയായ ഹരിയാന സ്വദേശി ഹിസാറാണ് താരത്തിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണത്തിന് ശേഷം താന്‍ റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ പോലെയായി എന്ന പരാമര്‍ശം സല്‍മാന്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സല്‍മാനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകനായ രജത്ത് കാല്‍സന്‍ വഴിയാണ് സല്‍മാന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്നുണ്ടായ ആഘാതത്തില്‍ നിന്നും ഇതുവരെയും മുക്തയാകാതെ ഇപ്പോഴും മാനസികാഘാതത്തില്‍ തുടരുന്ന പരാതിക്കാരിയെ സല്‍മാന്റെ പരാമര്‍ശം ആഴത്തില്‍ വേദനിപ്പിച്ചുവെന്നും അവരുടെ പ്രതിച്ഛായയെ അത് മങ്ങലേല്‍പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാന്‍ താരം തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും അറിയുന്നു.
തന്റെ പരാമര്‍ശത്തില്‍ ഇതുവരെ സല്‍മാന്‍ പൊതുമാപ്പ് പറഞ്ഞിട്ടില്ല. എന്നാല്‍ താന്‍ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ ഇനി കുറച്ചു മാത്രമേ സംസാരിക്കുള്ളു എന്ന് സല്‍മാന്‍ തമാശയായി പറഞ്ഞിരുന്നു. സംഭവത്തില്‍ ബോളിവുഡ് നടിമാരായ കങ്കണയും ഫ്രീഡാ പിന്റ്റോയും സല്‍മാനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും നടന്മാരായ അര്‍ബാസ് ഖാന്‍, നവാസുദ്ദീന്‍ സിദ്ധിഖി, കബീര്‍ ഖാന്‍ എന്നിവര്‍ സല്‍മാനെ പിന്തുണച്ച് സംസാരിച്ചിരുന്നു.
















