ന്യൂദല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം) ഭാരതം അംഗമായി. ഗ്രൂപ്പില്‍ അംഗമാവുന്ന മുപ്പത്തിയഞ്ചാമത്തെ രാജ്യമാണ് ഭാരതം. എം.ടി.സി.ആറിലെ അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍, ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്‌സാന്ദ്രെ സീഗ്ലെറുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.
മിസൈല്‍ ഗ്രൂപ്പില്‍ അംഗമായതോടെ ഭാരതത്തിന് ഉന്നത നിലവാരമുള്ള മിസൈല്‍ സാങ്കേതിക വിദ്യകള്‍ ലഭിക്കാനും കയറ്റുമതി ചെയ്യാനും കഴിയും. റഷ്യന്‍ സഹായത്തോടെ ഭാരതം നിര്‍മ്മിക്കുന്ന ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ചെയ്യാനും കഴിയും.
2008ല്‍ ഭാരതവും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ ഒപ്പിട്ട ശേഷമാണ് ആയുധ വ്യാപാര നിയന്ത്രണ ഗ്രൂപ്പുകളായ എം.ടി.സി.ആര്‍, എന്‍.എസ്.ജി, ആസ്‌ട്രേലിയ ഗ്രൂപ്പ്, വാസിനാര്‍ അറേഞ്ച്‌മെന്റ് എന്നിവയില്‍ അംഗമാകാന്‍ ഭാരതം ശ്രമം തുടങ്ങിയത്. എന്നാല്‍ ആണവ അപകട ബാദ്ധ്യതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുരുങ്ങി ആണവ കരാര്‍ നീണ്ടുപോയപ്പോള്‍ ഭാരതത്തിന്റെ അംഗത്വവും നീണ്ടു.
രാസ, ജൈവ, ആണവ ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീം (എം.ടി.സി.ആര്‍ ). എം.ടി.സി.ആറിന് നേതൃത്വം നല്‍കുന്ന നെതര്‍ലാന്‍ഡ്‌സിന്റ അംബാസഡര്‍ അല്‍ഫോണ്‍സസ് സ്‌റ്റോലിംഗ, അടുത്ത തവണ നേതൃത്വം വഹിക്കേണ്ട ലക്‌സംബര്‍ഗിന്റെ ചാര്‍ഡ് ഡി അഫയേഴ്‌സ് ലോറെ ഹുബെര്‍ട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















