മഞ്ചേരി: വിശ്വപ്രസിദ്ധ തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയെ കഥകളി രൂപത്തിലാക്കി അവതരിപ്പിച്ചു. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയാണ് മഞ്ചേരി വായ്പ്പാറപ്പടി സ്കൂളില്‍ കണ്ണകി കഥകളി അരങ്ങേറ്റം സംഘടിപ്പിച്ചത്. പ്രശസ്ത കവിയും ഗാന രചയിതാവും ആയിട്ടുള്ള എസ് രമേശന് നായര്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത ചിലപ്പതികാരം വരികള്‍ പദങ്ങളായി എടുത്തായിരുന്നു അവതരണം. പ്രശസ്ത കഥകളി ആചാര്യന് കോട്ടക്കല്‍ നന്ദകുമാരന് നായര്‍ ചിട്ടപ്പെടുത്തിയ കണ്ണകി കഥകളിയുടെ ആദ്യ അരങ്ങായിരുന്നു മഞ്ചേരിയിലേത്.
പുരളിപ്പുറം ലക്ഷ്മണന് നമ്പൂതിരി, ശ്രീരാഗ് വര്‍മ്മ (പാട്ട്), കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം പ്രശാന്ത് (മദ്ദളം), സുജിത്ത് കോട്ടോല്‍ (ഇടയ്ക്ക), കലാമണ്ഡലം രവികുമാര്‍ (ചമയം) എന്നിവര്‍ അവതരണത്തിന് പിന്തുണയേകി.
പരിപാടി പ്രസിദ്ധ കഥകളി ആചാര്യനും കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവും ആയ കലാമണ്ഡലം എം.പി എസ് നമ്പൂതിരി കളിവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ഞെരളത്ത് ഹരിഗോവിന്ദന് സ്വാഗതവും പറഞ്ഞു. എ.പി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം സതീശന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: