മഞ്ചേരി: നന്മയുള്ള തലമുറകളെ സൃഷ്ടിക്കുന്ന പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബാലഗോകുലം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് പ്ലസ്ടു വരെയുള്ള സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം ലഭിക്കുകായെന്ന അവകാശം നിഷേധിക്കാന്‍ പാടില്ല. പൊതുജനങ്ങളുടെ താല്പര്യം സംരക്ഷിക്കുക തന്നെ വേണം. ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ കുട്ടികള്‍ ശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്. ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ഇവ അടച്ചുപൂട്ടുമ്പോള്‍ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അസ്തമിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ അഭാവത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടതായി വരും. അവിടങ്ങളിലെ ഭീമമായ ഫീസ് സാധാരണക്കാരന് താങ്ങാനാവില്ല. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയെങ്കില്‍ എത്രയും വേഗം ആ തീരുമാനം പുനപരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം നല്കുന്നതില് ലാഭനഷ്ട കണക്കുകള്‍ നോക്കുന്നത് ഭാരതീയ സംസ്കാരത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നത് തുല്യമാണ്. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാ വിദ്യാലയങ്ങളും നിലനിര്‍ത്താനും സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാലഗോകുലം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം പ്രശസ്ത ഗായകന് എടപ്പാള്‍ വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍, മേഖലാ ഭഗിനിപ്രമുഖ് അശ്വതി.ടി.അരവിന്ദ്, ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍, ജില്ലാ സഹകാര്യദര്‍ശി പി.വിനോദ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഗോകുലാംഗങ്ങളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: