ന്യൂദല്‍ഹി: രാജ്യത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം ചൈനയ്‌ക്കാണെന്ന് ഭാരതം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിയ്‌ക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനം ഉദ്ദേശിച്ച ഫലം കാണാതെ പോയശേഷം ഇതാദ്യമായാണ് ഇത്ര കര്‍ക്കശ സ്വരത്തില്‍ ഭാരതം പ്രതികരിയ്‌ക്കുന്നത്.
ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധങ്ങളുടെ മുന്നോട്ടുള്ള ഗതിയ്‌ക്ക് ഭാരതത്തിന്റെ താത്പര്യങ്ങളും മുന്‍ഗണനകളും കൂടി പരിഗണിക്കണമെന്ന് ചൈനയെ ബോധ്യപ്പെടുത്താനുള്ള ശ്രമം രാജ്യം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ബഹുമുഖ വേദിയായി പരിഗണിക്കാവുന്ന എന്‍എസ്ജിയില്‍ ഭാരതത്തെ എതിര്‍ത്തത് ഇരു രാഷ്‌ട്രങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നു കരുതുന്നില്ലെന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്‌ക്കുള്ള മറുപടിയായിരുന്നു ഇത്. സിയോള്‍ സമ്മേളനത്തില്‍ പ്രതീക്ഷിച്ച ഫലം ഭാരതത്തിനു ലഭിച്ചില്ലെന്ന് വികാസ് സ്വരൂപ് പറഞ്ഞു. എന്‍എസ്ജി അംഗത്വത്തിന് ചൈന ഉള്‍പ്പെടെയുള്ള ചില രാഷ്‌ട്രങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഭാരതം നേരിടുന്നത്.
















