നെടുമങ്ങാട്: കശ്മീരിലെ പാമ്പോറില്‍ പാക് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരില്‍ തിരുവനന്തപുരം പാലോട് സ്വദേശി ജി. ജയചന്ദ്രന്‍ നായരും. സ്‌നേഹശ്രീയില്‍ സ്‌നേഹം പകരാന്‍ ഇനി ജയചന്ദ്രന്‍നായര്‍ എത്തില്ല. രണ്ടുമാസം മുമ്പ് അവധിക്കാലം ആഘോഷിച്ചു മടങ്ങിയ അച്ഛനെ അവസാനമായി കാണാന്‍ ഒന്‍പതാംക്ലാസ്സുകാരി സ്‌നേഹയും മൂന്നാം ക്ലാസ്സുകാരി ശ്രുതിയും കാത്തിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് 4.45ന് പുല്‍വാര ജില്ലയിലെ പാംപോര്‍ നഗരത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്‌പ്പിലാണ് പാലോടിനു സമീപം നന്ദിയോട് കള്ളിപ്പാറ ചടച്ചികരിക്കകം സ്‌നേഹശ്രീയില്‍ ജി. ജയചന്ദ്രന്‍നായര്‍ (51) ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടത്.
പതിനെട്ടാം വയസ്സില്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ജയചന്ദ്രന്‍നായര്‍ 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സ്വയം വിരമിക്കലിന് തയ്യാറെടുക്കവെയാണ് ദുരന്തം. മോട്ടോര്‍ ട്രെയിനിംഗ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നാലുവര്‍ഷമായി ജമ്മുകാശ്മീരില്‍ ജോലി നോക്കി വരികയായിരുന്നു. ചെറുന്നിയൂര്‍ വെള്ളിയാഴ്ചകാവ് മുടിയക്കോട് കളീക്കവിള വീട്ടില്‍ പരേതരായ ഗോപിനാഥന്‍നായരുടെയും രാജമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ്. സഹോദരി ശാന്തകുമാരിക്കൊപ്പം കുട്ടിക്കാലത്തേ നന്ദിയോടെത്തിയ ജയചന്ദ്രന്‍നായരുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഇളവട്ടം ബിആര്‍എം ഹൈസ്‌കൂളിലായിരുന്നു.
വിവാഹശേഷം ഭാര്യ സിന്ധുകുമാരിയുടെ സ്ഥലമായ കള്ളിപ്പാറയില്‍ വീടുവച്ച് താമസിക്കുകയായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മെയ് 31നാണ് ജയചന്ദ്രന്‍നായര്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ചായം ആള്‍ സെയിന്റ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് മക്കളായ സ്‌നേഹ എസ്. നായരും ശ്രുതി എസ്. നായരും. ഭാര്യയുടെ അച്ഛനമ്മമാരായ ശിവശങ്കരപിള്ള, രാധ എന്നിവര്‍ക്കൊപ്പമാണ് താമസം. ഇന്നു രാവിലെ 11ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍ രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.
















