ന്യൂദല്‍ഹി: സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘ഖേലോ ഇന്ത്യ’യുടെ നിര്‍വാഹക സമിതിയംഗമായി നിയമിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കേന്ദ്രകായിക മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയായ ഖേലോ ഇന്ത്യയുടെ ഭാഗമാകുന്നതോടെ കൂടുതല്‍ വലിയ ഉത്തരവാദിത്വമാണ് അഞ്ജുവിന് ലഭിച്ചിരിക്കുന്നത്.
കേന്ദ്രകായിക സെക്രട്ടറി രാജീവ് യാദവ് ചെയര്‍മാനായ ഏഴംഗ സമിതിയില്‍ കായികരംഗത്തുനിന്നുള്ള രണ്ടംഗങ്ങളില്‍ ഒരാളാണ് അഞ്ജു. ബാഡ്മിന്റണ്‍ താരം പി. ഗോപീചന്ദാണ് മറ്റൊരംഗം. രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ എന്ന പഴയ കായിക പദ്ധതി വലിയ പരിഷ്‌ക്കരണങ്ങള്‍ നടത്തിയതാണ് ഖേലോ ഇന്ത്യ.
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കായികമേഖലയിലേക്ക് ആകര്‍ഷിക്കാനും ഗ്രാമീണ തലത്തില്‍ മുതല്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യമെങ്ങും കായികമേഖലയ്‌ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കും. സംസ്ഥാനജില്ലാ തലങ്ങളില്‍ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സുകള്‍ സ്ഥാപിക്കാനും പരിശീലന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും ഖേലോ ഇന്ത്യ ലക്ഷ്യമിടുന്നു.
















