ബെംഗളുരു: പൊതുപരിപാടിയ്‌ക്കിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരു സ്ത്രീ പരസ്യമായി ചുംബിച്ചു. ബെംഗളുരുവില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, താലൂക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. താലൂക്ക് പഞ്ചായത്ത് അംഗമായ ഗിരിജ ശ്രീനിവാസാണ് പരസ്യമായി മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയത്.
മുഖ്യമന്ത്രിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്‌ക്കായി നിന്നപ്പോഴാണ് ചിക്കമംഗളൂര്‍ ജില്ലയിലെ ടാരിക്കെരി താലൂക്ക് പഞ്ചായത്ത് അംഗമായ ഗിരിജ പെട്ടെന്ന് അദ്ദേഹത്തെ ചുംബിച്ചത്.
ഉമ്മവെക്കാന്‍ ചെന്ന അംഗത്തെ തലയില്‍ പിടിച്ച് അടുപ്പിച്ചു നിര്‍ത്തിയ മുഖ്യമന്ത്രി പ്രതിഷേധിയ്‌ക്കാനൊന്നും മുതിര്‍ന്നില്ല. ഒപ്പം നിന്ന പ്രവര്‍ത്തകര്‍ സംഗതി ആസ്വദിയ്‌ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലൂടെ അവര്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി പടരുന്നതു കാണാമായിരുന്നു.
കുറുബ സമുദായത്തില്‍പ്പെട്ട അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയാണ്. ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എനിക്ക് ആവേശം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുംബനം നല്‍കി. അതില്‍ തെറ്റൊന്നുമില്ലെന്നും ഗിരിജ ശ്രീനിവാസ് മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയെ ചുംബിക്കണമെന്ന് നേരത്തെ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലായെന്നും ഗിരിജ പറഞ്ഞു. സിദ്ധരാമയ്യയുടെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ടതാണ് ഗിരിജയും.
ഇവര്‍ വിവാഹിതയാണ്.
എന്നാല്‍, ചുംബന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായപ്പോള്‍ വിവാദം ഒഴിവാക്കാന്‍ ഈ പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്ന് പിന്നീട് സിദ്ധരാമയ്യ വാര്‍ത്താലേഖകരോട് പറഞ്ഞു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ജെ.എച്ച്. പട്ടേലും എസ്. എം. കൃഷ്ണയും ഇത്തരം സംഭവങ്ങളിലും പ്രസ്താവനകളിലും മുമ്പും വിവാദത്തില്‍ പെട്ടിട്ടുണ്ട്.
















