ന്യൂദല്‍ഹി: സെപ്തംബര്‍ 30-നു ശേഷം രാജ്യത്തെ നികുതിവെട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ കാരണങ്ങളാല്‍ കണക്കു കൃത്യമായി സൂക്ഷിയ്‌ക്കാന്‍ കഴിയാതെ പോയവര്‍ക്ക് സ്വയം സ്വത്തുവിവരം വെളിപ്പെടുത്തി കള്ളപ്പണക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാകാന്‍ സര്‍ക്കാര്‍ നല്‍കിയ അവസരം സെപ്തംബര്‍ 30-ന് അവസാനിയ്‌ക്കുകയാണ്.
അതിനുശേഷം ആര്‍ക്കെങ്കിലും സര്‍ക്കാര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് എന്തു ബുദ്ധിമുട്ടുണ്ടായാലും ഒരു സഹായവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ പ്രധാനന്ത്രി മന്‍ കീബാത്തില്‍ സ്മരിച്ചു.
ഇന്ന് ചിലര്‍ക്ക് മന്‍ കീ ബാത് പരിപാടിയെ പരിഹസിയ്‌ക്കാനു വിമര്‍ശിക്കാനും കഴിയുന്നത് ജനാധിപത്യം ഉള്ളതുകൊണ്ടാണ്, ആ പൗര സ്വാതന്ത്ര്യങ്ങളാണ് അടിയന്തരാവസ്ഥയില്‍ ധ്വംസിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു അടിയന്തിരാവസ്ഥയുടെ നാളുകളെന്ന് മോദി പറഞ്ഞു.
1975 ജൂണ്‍ 25 ഭാരത ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. പൗരാവകാശ ഇല്ലാതാക്കപ്പെടുകയും രാജ്യമൊന്നാകെ തന്നെ ജയിലിലടയ്‌ക്കപ്പെടുകയും ചെയ്ത നാളുകളായിരുന്നു അത്. എന്നാല്‍ ജനാധിപത്യം കൂടുതല്‍ ശക്തമായി തിരികെയെത്തി. ജനാധിപത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഭാരതത്തിന്റെ ശക്തി. ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും. മന്‍ കീ ബാത്ത് നിരന്തരമായി വിമര്‍ശിക്കപ്പെടുന്നുണ്ടെന്നും ഇതു സാധ്യമാക്കുന്നത് ജനാധിപത്യം നിലനില്‍ക്കുന്നതു കൊണ്ടാണെന്നും മോദി തുടര്‍ന്നു.
രാജ്യത്ത് വന്‍ വിജയമായി മാറിയ ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കല്‍ പദ്ധതിയ്‌ക്കു പിന്നാലെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ സാമ്പത്തിക പങ്കാളിയാകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്വന്തം പെന്‍ഷനില്‍നിന്ന് പ്രതിമാസം 5000 രൂപ വീതം ഈ പദ്ധതിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറായ ചന്ദ്രകാന്ത് കുല്‍ക്കര്‍ണ്ണിയെ മാതൃകയാക്കാന്‍ മോദി ആഹ്വാനം ചെയ്തു.
രാജ്യത്ത് വനിതാ ശാക്തീകരണവും മുന്നേറ്റവും വന്‍ തോതില്‍ സാധ്യമാകുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി വിവിധ പരീക്ഷകളില്‍ വന്‍ വിജയം വരിച്ച വിദ്യാര്‍ത്ഥിനികളെ അഭിനന്ദിച്ചു.
വ്യോമസേനയില്‍ യുദ്ധവിമാനം പറത്താന്‍ പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച പ്രധാനമന്ത്രി മൂന്നുപേരും മെട്രോ നഗരങ്ങളില്‍ നിന്ന് വളര്‍ന്നുവന്നവരല്ലെന്നും പറഞ്ഞു. ഒറ്റ വിക്ഷേപണത്തില്‍ 20 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തിലെത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ടത്തെ അഭിനന്ദിച്ച മോദി ചെന്നൈ സത്യഭാമാ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും പൂനെ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച സാറ്റലൈറ്റുകളുടെ വിക്ഷേപണ വിജയത്തെയും എടുത്തുകാട്ടി.
മികവാര്‍ന്ന ഭാരതത്തിന്റെ സൃഷ്ടിക്കായി പ്രയത്‌നിക്കുന്ന രാജ്യത്തെ ശാസ്ത്രലോകത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അന്താരാഷ്‌ട്ര യോഗാദിനാചരണത്തിന്റെ വിജയം വിവരിച്ച പ്രധാനമന്ത്രി പ്രമേഹത്തിനെതിരേ രാജ്യവ്യാപകമായ പ്രചാരണം നടത്താനും രോഗ പരിഹാരത്തിനു പദ്ധതി അവതരിപ്പിയ്‌ക്കാനും യോഗാചാര്യന്മാരോട് അഭ്യര്‍ത്ഥിച്ചു.
















