ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാമ്പോറില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു. ഭീകരാക്രണത്തില്‍ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ പുലരുന്ന സമാധാനവും വികസനവും അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടിട്ടുളളതാണീ ഭീകരാക്രമണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണങ്ങളൊന്നും സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെ ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തെ ആത്മാര്‍ഥമായി അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമങ്ങള്‍ ഒന്നിനും പരിഹാരമായിരുന്നിട്ടില്ല. ഗവര്‍ണര്‍ എന്‍.എന്‍. വോറയും ജവാന്‍മാരുടെ കുടുംബത്തെ ദുഃഖവും സഹാനുഭൂതിയും അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
















