ന്യൂദല്‍ഹി: ഡാറ്റ അനലിറ്റിക് സെന്റര്‍ സ്ഥാപിക്കുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയിലെ വലിയ വിവരങ്ങള്‍ ഏത് ഓഡിറ്റര്‍ക്കും പരിശോധിക്കുവാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആരോഗ്യസംരക്ഷണ മേഖലയിലെ കണക്കുകള്‍ വിലയിരുത്തിയിരുന്നു.
ബിഗ് ഡാറ്റ മാനേജ്‌മെന്റ് പോളിസി ഭാവിയില്‍ നടപ്പാക്കുന്നതിനായി സിഎജി തീരുമാനിച്ചതായി ശര്‍മ്മ പറഞ്ഞു. ഇത് ഓഡിറ്റര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയാര്‍ന്ന കണ്ടെത്തലുകള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും സഹായിക്കുമെന്നും സിഎജി പറഞ്ഞു. ബ്രിക്‌സ് രാഷ്‌ട്രങ്ങളിലെ സിഎജിമാരുടെ ചെയര്‍മാന്‍ കൂടിയാണ് ശര്‍മ്മ.
മറ്റ് രാജ്യങ്ങളിലെ ഓഡിറ്റര്‍മാര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം ഭാരതത്തില്‍ ഒരുക്കുമെന്നും ഇത് അവരെ വലിയ വിവരങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീജിങ്ങില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ സിഎജിമാരുടെ ആദ്യയോഗത്തില്‍ ശശികാന്ത് ശര്‍മ്മ അധ്യക്ഷത വഹിച്ചു. ഈ രാജ്യങ്ങളിലെ ഓഡിറ്റ് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും വലിയ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികത്വം വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും.
















