കണ്ണൂര്‍: സംസ്ഥാനത്ത് പൊതു വിപണിയില്‍ വില നാള്‍ക്കുനാള്‍ കുതിച്ചുയരുമ്പോഴും സിവില്‍സ്‌പ്ലൈസ് വകുപ്പിന്റെ കീഴിലുളള മാവേലി സ്റ്റോറുകളിലും സപ്ലൈക്കോ, ത്രിവേണി തുടങ്ങിയ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാവാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പരിപ്പുള്‍പ്പെടെ പയര്‍ വര്‍ക്ഷങ്ങളും ലഭ്യമാകാത്തതാണ് സാധാരണക്കാരായ ജനങ്ങളെ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. പൊതു വിപണിയില്‍ 180 ഉം 200ഉം രൂപ വിലയുളള ചെറുപയര്‍, തുവരപരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയെല്ലാം 70 മുതല്‍ 90 രൂപവരെ വിലയ്‌ക്ക് ഏതാനും ആഴ്ച മുമ്പ് വരെ മാവേലി സ്റ്റോറുകള്‍ വഴിയും മറ്റ് സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വിതരണം ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമായ പയര്‍വര്‍ഗ്ഗങ്ങളുള്‍പ്പെടെയുളള വില്‍പ്പന നിലച്ചിരിക്കുകയാണ്. മാവേലി സ്റ്റോറുകള്‍ക്കും മറ്റും സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ കോടികള്‍ നല്‍കാനുളളതിനാലാണ് തുടര്‍ന്ന് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. മാവേലി സ്റ്റോറുകളെയും മറ്റും ആശ്രയിക്കുന്ന ജനങ്ങള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. പച്ചക്കറിയുടെ വിലക്കയറ്റത്തിനു പിന്നാലെ സബ്‌സിഡി നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന പയര്‍വര്‍ക്ഷങ്ങളും പരിപ്പും ഉള്‍പ്പെടെ ലഭ്യമാകാതായതോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവാതെ ജനം ബുദ്ധിമുട്ടുകയാണ്. കാര്‍ഷിക മേഖലയില്‍ റബ്ബര്‍, നാളികേരം ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകരുള്‍പ്പെടെയുളള സാധാരണക്കാരാണ് പൊതു വിപണിയിലെ വിലക്കയറ്റവും സര്‍ക്കാര്‍ അവശ്യ സാധന വിതരണ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ ലഭ്യമാകാത്തതു കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.
















