ഹൈദരാബാദ്: പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴില്‍ ദാതാവിന്റെ സംഭാവനയായി നിക്ഷേപിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രയ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പന്ത്രണ്ട് ശതമാനത്തിനൊപ്പമാണ് ഈ തുകയും നിക്ഷേപിക്കുക. യുവജനങ്ങള്‍ക്ക് തൊഴിലുറപ്പിക്കാനുളള ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ ചെറുകിട-ഇടത്തരം വ്യവസായികളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി അവരുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനം ഇപിഎഫ് പരിധിയില്‍ വരുന്നതിന് മുന്‍ നിശ്ചയിച്ചിട്ടുളള 20 ജീവനക്കാര്‍ എന്ന പരിധി പത്തായി കുറയ്‌ക്കും. ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായി ഓവര്‍ടൈം പരിധി എട്ടുമണിക്കൂറായി നിജപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപിഎഫിലെ മൊത്ത നിക്ഷേപത്തിന്റെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുളള നീക്കം ശുഭകരമാണ്. നിക്ഷേപത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന കാര്യം അടുത്തമാസം ഏഴിന് നടക്കുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
രാജ്യത്ത് 42000 കോടിരൂപയുടെ നിഷ്‌ക്രിയ ഇപിഎഫ് നിക്ഷേപങ്ങളുണ്ടെന്നും അതിന് കാരണം മുന്‍ യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി. ഇത്തരം അക്കൗണ്ടുകള്‍ക്ക് മുഴുവന്‍ പലിശ നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഇവയെ സജീവമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുജോലിക്കാര്‍, ബീഡിത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവരുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് സര്‍വേ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യവികസന പദ്ധതികള്‍ നടപ്പാക്കേണ്ട നിര്‍മ്മാണമേഖല പോലുള്ളവ കണ്ടെത്തി യുവാക്കള്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക യന്ത്രങ്ങളിലും കൈകൊണ്ടുമുളള പരിശീലനങ്ങളാകും നടപ്പാക്കുക.
ഐടിഐകളിലും മറ്റും ഇതിനായി പരിശീലനങ്ങള്‍ സംഘടിപ്പിക്കും. സജ്ജരായ തൊഴില്‍ സേനയെ സൃഷ്ടിക്കുന്നതിന്റെ മാതൃകയാകാന്‍ മല്ലേപ്പളളിയിലെ ഐടിഐയ്‌ക്ക് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















